Editor's ChoiceKerala NewsLatest NewsLocal NewsNationalNews

സ്വർണക്കടത്ത് പ്രതികളുമായി ബന്ധം, ഡോളർ കടത്ത്, സ്പീക്കറെ മാറ്റണമെന്ന ആവശ്യവുമായി പ്രതിപക്ഷം.

തിരുവനന്തപുരം / സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന പ്രമേയത്തിന് എം. ഉമ്മര്‍ എംഎല്‍എ നോട്ടിസ് നല്‍കി. ഡോളർ അടങ്ങിയ ബാഗ് സ്‌പീക്കർ തങ്ങൾക്ക് കൈമാറിയെന്ന് സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്‌നയും സരിത്തും നിർണായക മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്‌പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കുകയാണ്‌. സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനം എട്ടാം തീയതി തുടങ്ങാനിരിക്കെയാണ് സ്‌പീക്കറെ മാറ്റണമെന്ന ആവശ്യവുമായി പ്രതിപക്ഷം വീണ്ടും രംഗത്ത് വന്നിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്തിയെന്ന അതീവഗുരുതരവും രാജ്യദ്രോഹപരവുമായ കേസിലെ പ്രതികളായി എന്‍ഐഎ സംശയിക്കുന്ന കുറ്റവാളികളുമായി ശ്രീരാമകൃഷ്ണന് വ്യക്തിപരമായ ബന്ധമുണ്ടെന്നും,
സ്വര്‍ണക്കടത്ത് കേസിലെ ഒരു പ്രതിയുടെ വര്‍ക്ക് ഷോപ്പിന്റെ ഉദ്ഘാടനത്തിലും, അതുമായി ബന്ധപ്പെട്ട ചടങ്ങുകളിലും നിയമസഭാ സ്പീക്കർ പങ്കെടുത്തുവെന്നും, സഭയ്ക്ക് അപകീര്‍ത്തികരവും, പവിത്രമായ നിയമസഭയുടെ അന്തസ്സിനും, ഔന്നത്ത്യത്തിനും, മാന്യതയ്ക്കും നിരക്കാത്തതുമാണ് ഇത്തരം കാര്യങ്ങളെന്ന് നോട്ടിസില്‍ പറയുന്നു. നേരത്തെ ഇതേ ആവശ്യം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. അന്ന് സർക്കാരിനെതിരായ അവിശ്വാസത്തിന്റെ ഭാഗമായാണ് സ്‌പീക്കർക്കെതിരെ പ്രതിപക്ഷം നോട്ടീസ് നൽകിയിരുന്നത്.

ഇതിനു മുൻപ് മറ്റൊരു സ്പീക്കര്‍ക്കുമെതിരെ ഉണ്ടായിട്ടില്ലാത്ത ഗുരുതരമായ ആരോപണങ്ങള്‍ ആണ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെതീരെ ഇതിനകം ഉയർന്നിട്ടുള്ളത്. ഡോളര്‍ കടത്തു കേസില്‍ സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്ത കേരളത്തെ ഒന്നാകെ ഞെട്ടിക്കുന്നതായിരുന്നു. നിയമസഭയിലെ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, ഇ-നിയമസഭ, സഭാ ടിവി, ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി തുടങ്ങിയ പരിപാടികളിലെ ധൂര്‍ത്തും, അഴിമതിയും ഇന്ന് സംസ്ഥാനത്ത് ചര്‍ച്ചാ വിഷയമാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയുടെ അന്തസ്സും, യശസ്സും ഉയര്‍ത്തിപ്പിടിക്കുന്നതിനും അതിന്റെ ഔന്നത്യം കാത്തുസൂക്ഷിക്കുന്നതിനും ബാധ്യതയുള്ള സ്പീക്കര്‍, അദ്ദേഹത്തിന്റെ പദവിയുടെ മഹത്വം കാത്ത് സൂക്ഷിക്കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ടതിനാല്‍ പി.ശ്രീരാമകൃഷ്ണനെ കേരള നിയമസഭാ സ്പീക്കര്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്നാണ് എം. ഉമ്മർ എം എൽ എ ആവശ്യപ്പെട്ടിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button