Kerala NewsLatest NewsPolitics

ഡോളര്‍ കടത്തുകേസ്: അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു,ബഹിഷ്‌കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ കറന്‍സി കടത്തിയെന്ന പ്രതി സ്വപ്ന സുരേഷ് അടക്കമുള്ളവരുടെ മൊഴി നിയമസഭ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ തള്ളി. കോടതിയുടെയും കേന്ദ്ര ഏജന്‍സിയുടെയും പരിഗണനയിലുള്ള കേസ് ആയതിനാല്‍ ചര്‍ച്ച ചെയ്യാന്‍ സാധിക്കില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം സഭാ നടപടികള്‍ ബഹിഷ്കരിച്ചു.

ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി ഡോളര്‍ കടത്തില്‍ പങ്കാളിയായെന്ന അതീവ ഗുരുതര സാഹചര്യമാണുള്ളതെന്ന് അടിയന്തര പ്രമേ‍യത്തിന് അവതരണാനുമതി തേടിയ പി.ടി. തോമസ് ചൂണ്ടിക്കാട്ടി. ഡോളര്‍ കടത്ത് കേസിലെ പ്രതികള്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയിട്ടുണ്ട്. രാജ്യത്തിന്‍റെ സാമ്ബത്തികസ്ഥിതിയെ അസ്ഥിരപ്പെടുത്തുന്ന കേസാണിത്. അതിനാല്‍ വിഷയം സഭ നിര്‍ത്തിവെച്ച്‌ ചര്‍ച്ച ചെയ്യണമെന്നും പി.ടി. തോമസ് ആവശ്യപ്പെട്ടു.

പ്രതിപക്ഷത്തിന്‍റെ നോട്ടീസ് തള്ളിയ സ്പീക്കര്‍, കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നല്‍കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി. കേന്ദ്ര ഏജന്‍സി കേസ് അന്വേഷിച്ചു വരികയാണ്. അതിനാല്‍ വിഷയം നിയമസഭ നിര്‍ത്തിവെച്ച്‌ ചര്‍ച്ച ചെയ്യാന്‍ കഴിയില്ലെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.

കോടതിയുടെ പരിഗണനയിലുള്ള കേസുകള്‍ നിയമസഭ മുമ്ബും ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. കോടതിയുടെ പരിഗണനയില്‍ ഇരിക്കുമ്ബോഴാണ് സ്വാശ്രയ കേസ്, കൊടക്കര സ്വര്‍ണക്കടത്ത്, ശബരിമല വിഷയം എന്നീ വിഷയങ്ങള്‍ നിയമസഭ നിരവധി തവണ ചര്‍ച്ച ചെയ്തത്.

അടിയന്തര പ്രമേയത്തിന് അവതരണാനുമതി നല്‍കണം. ഈ വിഷയം സഭയില്‍ ചര്‍ച്ച ചെയ്തില്ലെങ്കില്‍ പിന്നെ എവിടെയാണ് ചര്‍ച്ച ചെയ്യേണ്ടത്. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ അക്കാര്യം വ്യക്തമാക്കാന്‍ മുഖ്യമന്ത്രിക്കും സര്‍ക്കാറിനും ലഭിക്കുന്ന അവസരമല്ലേ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

കേന്ദ്ര ഏജന്‍സിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ ചര്‍ച്ചക്ക് അനുമതി നല്‍കാന്‍ സാധിക്കില്ലെന്ന് നിയമ മന്ത്രി പി. രാജീവും വ്യക്തമാക്കി. പ്രമേയം ചട്ടപ്രകാരമല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നിയമ മന്ത്രിയുടെ വാദം തള്ളിയ വി.ഡി. സതീശന്‍, സൗകര്യപൂര്‍വം ചട്ടങ്ങളെ വ്യാഖ്യാനിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ആരോപിച്ചു. ഇത് നിയമമന്ത്രിക്ക് ചേരുന്ന കാര്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങള്‍ സഭക്കുള്ളില്‍ എഴുന്നേറ്റ് നിന്ന് ‘ഡോളര്‍ മുഖ്യന്‍ രാജിവെക്കണ’മെന്ന് മുദ്രാവാക്യം വിളിച്ചു. സഭക്ക് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങള്‍ സഭാ കവാടത്തില്‍ ധര്‍ണ നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button