പിണറായി വിജയൻ സർക്കാരിനെതിരെ പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധ ബാനർ ഉയർത്തി,രാജ്യദ്രോഹ കേസിലെ പ്രതികള്‍ക്ക് സ്പീക്കറുമായി ബന്ധമുണ്ടെന്നും ചെന്നിത്തല.

പിണറായി വിജയൻ സർക്കാരിന് എതിരെ ആദ്യത്തെ അവിശ്വാസപ്രമേയം അവതരിപ്പിക്കും മുൻപ്, സർക്കാരിനെതിരെ സഭയിൽ പ്രതിപക്ഷം പ്രതിഷേധ ബാനർ ഉയർത്തി. അവിശ്വാസ പ്രമേയം അടക്കം ചർച്ച ചെയ്യുന്ന നിർണായക നിയമസഭ സമ്മേളനത്തിന് തുടക്കമായി. സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയത്തിൻ മേൽ രാവിലെ പത്ത് മണിമുതൽ ചർച്ച തുടങ്ങി. രാവിലെ പത്ത് മുതൽ മൂന്ന് മണിവരെയാണ് ചർച്ച നടക്കുക. സ്വർണക്കടത്ത്, ലൈഫ് പദ്ധതി വിവാദം, തിരുവനന്ത്പുരം വിമാനത്താവളവുമായി ബന്ധപ്പെട്ട ലേലത്തിലെ അദാനി ബന്ധം എന്നിവ ആയുധമാക്കിയുള്ള യുദ്ധ്പുറപ്പാടിലാണ് പ്രതിപക്ഷം.
സമ്മേളനത്തിന്റെ ആദ്യ അജൻഡയായ അന്തരിച്ച പ്രമുഖർക്കുള്ള അനുശോചനം സഭ രേഖപ്പെടുത്തി. അടിയന്തര പ്രമേയ നോട്ടിസ് അവതരിപ്പിക്കുന്നതിന് സ്പീക്കർ വി.ഡി.സതീശന് അനുമതി നൽകി. സ്പീക്കർക്കെതിരായ പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടർന്ന്, സ്പീക്കർ സ്ഥാനത്തുനിന്ന് ഒഴിഞ്ഞ് അംഗങ്ങൾക്കിടയിലേക്ക് വന്നിരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പ്രമേയം അവതരിപ്പിക്കാൻ 14 ദിവസം മുൻപ് നോട്ടിസ് നൽകണമെന്നത് ഭരണഘടാപരമായ ബാധ്യതയെന്ന് സ്പീക്കർ അതിനു മറുപടി പറഞ്ഞു.
തുടർന്ന് സർക്കാരിനെതിരെ സഭയിൽ പ്രതിപക്ഷം പ്രതിഷേധ ബാനർ ഉയർത്തി.
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരായ പ്രമേയവും പരിഗണിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. സ്പീക്കര്‍ ചെയറില്‍ നിന്ന് മാറി പ്രമേയം പരിഗണിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. രാജ്യദ്രോഹ കേസിലെ പ്രതികള്‍ക്ക് സ്പീക്കറുമായി ബന്ധമുണ്ടെന്നും ചെന്നിത്തല ആരോപണം ഉന്നയിച്ചു. എന്നാല്‍ ഭരണഘടന വ്യവസ്ഥ പ്രകാരം സ്പീക്കർ വിചാരിച്ചാലും ഈ പ്രമേയം എടുക്കാൻ കഴിയില്ലെന്ന് പറഞ്ഞ മന്ത്രി എ കെ ബാലന്, എല്ലാ അംഗങ്ങളുടേയും അവകാശം അംഗീകരിക്കുന്നു വെന്നും, അംഗങ്ങൾക്ക് ചെയറിനോട് വിയോജിക്കാം. എന്നാൽ ചട്ടങ്ങൾ പാലിക്കണമെന്നും, സ്പീക്കർക്കെതിരെ ദുസ്സൂചനയുള്ള പരാമർശം പാടില്ലെന്നും പറയുകയുണ്ടായി.
തിരുവനന്തപുരം വിമാനത്താവളം അദാനിഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്രതീരുമാനത്തിനെതിരായ സർക്കാരിന്റെ പ്രമേയം ഉണ്ടാവും.. വിമാനത്താവളം അദാനിഗ്രൂപ്പിന് വിട്ടുകൊടുക്കുന്നതിനെതിരെ രംഗത്തുവന്ന സർക്കാർ, ഇതിനായി രൂപീകരിച്ച ടിയാൽ കമ്ബനിയെ ലേലനടപടികളിൽ സഹായിക്കാൻ കൺസൾട്ടന്റായി നിയോഗിച്ചത് അദാനിയുടെ ഉറ്റബന്ധു ഡയറക്ടറായ അമർചന്ദ് മംഗൾദാസ് കമ്ബനിയെ ആണെന്ന വിവാദത്തിനിടെ യാണ് പ്രമേയം വരുന്നത്. ഇത് അദാനിയുമായുള്ള ഒത്തുകളിയാണോയെന്ന ചോദ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ഈ സാഹചര്യത്തിൽ സർക്കാരിന് വേണ്ടി മുഖ്യമന്ത്രി കൊണ്ടുവരുന്ന പ്രമേയത്തെ പ്രതിപക്ഷം സമീപനം നിർണായകമാണ്.
ഇന്ന് സഭയിൽ ചോദ്യോത്തരവേളയില്ല. ധനകാര്യബിൽ അവതരിപ്പിച്ചു പാസാക്കും. ബില്ലിന്മേൽ ചർച്ചയില്ല. അനാരോഗ്യം മൂലം വി.എസ്. അച്യുതാനന്ദനും സി.എഫ്. തോമസും പങ്കെടുക്കില്ല. അവിശ്വാസ പ്രമേയത്തെ ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ പിന്തുണച്ചു. യുഡിഎഫില്‍ നിന്ന് വി ഡി സതീശന്, പി ടി തോമസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ഷാഫി പറമ്പില്‍, എം കെ മുനീര്‍, കെ എം ഷാജി, അനൂപ് ജേക്കബ് എന്നിവര്‍ സംസാരിക്കും. എൽഡിഎഫിൽ നിന്ന് അവിശ്വാസ പ്രമേയ ചർച്ചയിൽ എസ് ശർമ്മ, എം സ്വരാജ്, ജെയിംസ് മാത്യു, മുല്ലക്കര രത്നാകരൻ, ചിറ്റയം ഗോപകുമാർ എന്നിവരാണ് സംസാരിക്കുക. ബിജെപി അവിശ്വാസത്തെ പിന്തുണയ്ക്കുമെങ്കിലും, ജോസ് പക്ഷം വിട്ടു നിൽക്കും.