ഷാഫി പറമ്പിൽ എംപിക്ക് മർദ്ദനമേറ്റ സംഭവം; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി പ്രതിപക്ഷം

കോഴിക്കോട് പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്ക് സംഘർഷത്തിനിടെ മർദ്ദനമേറ്റ സംഭവത്തിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പൊലീസ് നടപടിയെ നേതാക്കൾ രൂക്ഷമായി വിമർശിച്ചു.
ഷാഫി പറമ്പിലിനെ മർദ്ദിച്ച പൊലീസുകാരെതിരെ നടപടി വേണം, എന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. “എംപിയെ കണ്ടാൽ തിരിച്ചറിയാതിരിക്കാൻ പൊലീസിന് എങ്ങനെ കഴിയും? ഷാഫി പറമ്പിലിനെ നിരന്തരം വേട്ടയാടാനാണ് ശ്രമം നടക്കുന്നത്. അതിന് ഒരിക്കലും അനുവാദം നൽകില്ല. രണ്ട് ജാഥകൾക്ക് ഒരേ റൂട്ട് അനുവദിച്ചത് പൊലീസാണ് — എന്നാൽ പരിക്കേറ്റത് എങ്ങനെ ഒരുവിഭാഗം ആളുകൾക്കുമാത്രം?” എന്നും അദ്ദേഹം ചോദ്യമുയർത്തി.
“ഷാഫിക്കെതിരായ അക്രമം സർക്കാരിന്റെ അഴിമതി മറയ്ക്കാനുള്ള ശ്രമമാണ്,” എന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. “കാട്ടുനീതിയാണ് കേരളത്തിൽ നടക്കുന്നത്. ചില ഉദ്യോഗസ്ഥർ രാജാവിനേക്കാൾ രാജഭക്തരായി മാറിയിരിക്കുന്നു. സംഭവങ്ങളുടെ കണക്ക് എല്ലാം രേഖപ്പെടുത്തുകയാണ്,” എന്നും അദ്ദേഹം പറഞ്ഞു.
പേരാമ്പ്ര സംഭവത്തെ തുടർന്ന് കോൺഗ്രസിന്റെ തുടർ സമരങ്ങൾ ഉണ്ടാകുമെന്ന് കെ. മുരളീധരൻ അറിയിച്ചു. എംപിയെ മർദ്ദിച്ച പൊലീസുകാരനെ സസ്‌പെൻഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആക്രമണം ആസൂത്രിതമായിരുന്നു, എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. “ഷാഫിയുടെ ജനപ്രീതിയാണ് ഭരണകൂടത്തെയും പൊലീസിനെയും ഭയപ്പെടുത്തുന്നത്. ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്,” എന്നും അദ്ദേഹം പറഞ്ഞു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു, “ഷാഫി പറമ്പിലിനെതിരെ നടന്ന നടപടി പൂർണമായും ബോധപൂർവ്വമായതാണ്. പൊലീസ് ഇപ്പോൾ നരനായാട്ടാണ് നടത്തുന്നത്. സർക്കാരിന്റെ അവസാനകാല കടുംവെട്ടാണിത്. നീതി നടപ്പാക്കേണ്ടവർ തന്നെ അനീതി ചെയ്യുമ്പോൾ രാജ്യത്ത് നീതി എങ്ങനെ ഉറപ്പാക്കാനാകും?” എന്നും അദ്ദേഹം ചോദിച്ചു.
എംഎൽഎ രാഹുൽ മാങ്കൂട്ടം പ്രതികരിച്ചു: “കോൺഗ്രസ് നേതാക്കളെ എത്ര തവണ ചോരയിൽ മുക്കിയാലും ഞങ്ങൾ ചോദിക്കും — അയ്യപ്പന്റെ പൊൻ എവിടെ? അത് ആരാണ് വിറ്റത്? എത്ര കോടിക്ക് വിറ്റത്? ഷാഫി പറമ്പിൽ ആശുപത്രിയിലേക്ക് പോകുംമുമ്പ് പറഞ്ഞതും ഇതേ ചോദ്യമായിരുന്നു. പൊൻ കട്ടവന്മാരെ ഞങ്ങൾ ഒരിക്കലും വിട്ടുകൊടുക്കില്ല,” എന്നും രാഹുൽ മാങ്കൂട്ടം വ്യക്തമാക്കി.
Tag: Opposition registers strong protest over assault on Shafi Parambil MP