മദ്രസ പഠന സമയത്ത് ഓണ്‍ലൈന്‍ ക്ലാസുകളെടുക്കരുതെന്ന് ഉത്തരവ്
ആലപ്പുഴ: മദ്രസ പഠനം സാധ്യമാക്കാന്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ രാവിലെ ഒഴിവാക്കണമെന്ന ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഉത്തരവ്. രാവിലെ 8.30 വരെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉള്‍പ്പെടെ നടത്തരുതെന്നും ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം എല്ലാ പ്രഥമാധ്യാപകര്‍ക്കും നല്‍കണമെന്നും ജില്ല/ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നല്‍കിയ ഉത്തരവില്‍ പറയുന്നു.
ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ നിന്നാണ് നിര്‍ദേശം.അതേസമയം ഉത്തരവിനെതിരെ വലിയ പ്രതിഷേധമാണ് വ്യാപകമായി ഉയരുന്നത്. മദ്രസയില്‍ ക്ലാസുകള്‍ നടക്കുമ്പോള്‍ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നത് നിര്‍ത്തണം എന്ന് ആവശ്യപ്പെട്ട് സമസ്ത കേരള സുന്നി സ്റ്റുഡന്റ് ഫെഡറേഷന്‍ നല്‍കിയ കത്ത് പരിഗണിച്ചാണ് ജില്ല വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ആത്മീയ വിദ്യാഭ്യാസത്തിന് പരിഗണന നല്‍കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് ഉത്തരവില്‍ പറയുന്നത്.
കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ തുറന്നെങ്കിലും ഇപ്പോഴും ഓണ്‍ലൈന്‍ ആയാണ് ക്ലാസുകള്‍ സജീവമായി മുന്നോട്ട് പോകുന്നത്. രാവിലെ 9.30 മുതല്‍ വൈകീട്ട് നാല് മണി വരെയാണ് സ്‌കൂളുകളിലെ ക്ലാസുകളുടെ സമയക്രമം. എങ്കിലും പ്രഭാത സമയത്തും ക്ലാസുകള്‍ നടക്കുന്നുണ്ട്. ആത്മീയ വിദ്യാഭ്യാസത്തിന് പരിഗണന നല്‍കുന്നതിനാല്‍ രാവിലെ 8.30 വരെയുള്ള സമയത്ത് സ്‌കൂളുകള്‍ ക്ലാസുകള്‍ ഒഴിവാക്കണം എന്നാണ് ഉത്തരവില്‍ പറയുന്നത്.