അമ്മയറിയാതെ ദത്ത് നല്‍കിയ കുഞ്ഞിനെ പെറ്റമ്മയ്ക്ക് നല്‍കാന്‍ ഉത്തരവ്
തിരുവനന്തപുരം: അമ്മയറിയാതെ ദത്ത് നല്‍കിയ കുഞ്ഞിന് പെറ്റമ്മയ്ക്ക് നല്‍കാന്‍ കോടതിയുടെ ഉത്തരവ്. അനുപമ നല്‍കിയ കേസില്‍ കുടുംബ കോടതിയുടെ അടിയന്തര ഇടപെടലുണ്ടായതോടെയാണ് കുഞ്ഞിന് ഇന്നുതന്നെ അനുപമയ്ക്ക് ലഭിച്ചത്. ഉച്ചയോടെ കോടതിയില്‍ എത്തിച്ച കുഞ്ഞിനെ വൈദ്യപരിശോധനയ്ക്കും മറ്റു നടപടികള്‍ക്കും ശേഷം അനുപമയ്ക്ക് ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥര്‍ കൈമാറി. ഇതിനുള്ള ഉത്തരവിന് മുന്നോടിയായി പാളയം കുന്നുകുഴിയിലെ നിര്‍മല ശിശുഭവനില്‍ നിന്ന് കുഞ്ഞിനെ കോടതിയില്‍ എത്തിച്ചിരുന്നു. വൈദ്യപരിശോധനയ്ക്കായി കുഞ്ഞിനെ പരിശോധിക്കാന്‍ ഡോക്ടറെ നേരിട്ടു വിളിച്ചുവരുത്തിയ അപൂര്‍വതയ്ക്കും കോടതി സാക്ഷ്യം വഹിച്ചു.
ജഡ്ജി ബിജു മേനോന്റെ ചേംബറില്‍ വച്ചാണ് കുഞ്ഞിന്റെ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയത്. കോടതി നടപടികള്‍ക്ക് മുന്നോടിയായി സിഡബ്ല്യുസി അധ്യക്ഷയും കോടതിയിലെത്തി. ഡിഎന്‍എ ഫലം അനുകൂലമായതോടെ അനുപമയും അജിത്തും കോടതിയില്‍ എത്തി കുഞ്ഞിനെ നേരത്തെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അഡ്വാന്‍സ് പെറ്റീഷന്‍ സമര്‍പ്പിച്ചിരുന്നു.
ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരില്‍ നിന്ന് വിശദാംശങ്ങള്‍ തേടിയ ശേഷമായിരുന്നു കുഞ്ഞിനെ അനുപമയ്ക്ക് കൈമാറാന്‍ കോടതി ഉത്തരവിട്ടത്. സിഡബ്ല്യുസി സമര്‍പ്പിച്ച ഡിഎന്‍എ പരിശോധന ഫലം ഉള്‍പ്പെടെയുള്ള രേഖകളും കുഞ്ഞിനെ കൈമാറാനുളള ഉത്തരവിന് മുന്നോടിയായി കോടതി പരിശോധിച്ചു.