Kerala NewsLatest News

ഉത്രട്ടാതി വളളംകളി നാളെ

അതിജീവനത്തിന്റെ സന്ദേശം ലോകത്തിന് പകര്‍ന്ന് നല്‍കാന്‍ പമ്പയുടെ ഓളങ്ങളില്‍ മഹാമാരിയുടെ രണ്ടാം വര്‍ഷമായ ഇക്കുറി ആറമുള ഉത്രട്ടാതി ജലമേള നടക്കും. ബുധനാഴ്ച നടക്കുന്ന മേളയില്‍ മൂന്ന് പള്ളിയോടങ്ങള്‍ തുഴഞ്ഞ് നീങ്ങും. കേരളത്തിലെ പത്തനം തിട്ട ജില്ലയിലെ ആറന്മുളയിലാണ് ആറന്മുള ഉതൃട്ടാതി വള്ളംകളി നടക്കുന്നത്. പ്രധാനപ്പെട്ട വൈഷ്ണവ ക്ഷേത്രങ്ങളിലൊന്നായ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിനടുത്ത് പമ്പാനദിയിലാണ് വള്ളംകളി നടക്കുന്നത്. ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളംകളി പാര്‍ത്ഥസാരഥി ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്. ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ടാദിനമായ ചിങ്ങമാസത്തിലെ ഉതൃട്ടാതിനാളിലാണ് പമ്പാനദിയില്‍ ആറന്മുള വള്ളംകളി നടക്കുന്നത്

സംസ്‌കാരത്തിന്റെയും കായിക മികവിന്റെയും കാഴ്ചയുടെ പൂരമായിരുന്ന ഉത്രട്ടാതി ജലമേളയ്ക്ക് 52 പള്ളിയോടങ്ങളിലായി അയ്യായിരത്തിലേറെപ്പേരാണ് തുഴയെറിഞ്ഞിരുന്നതെങ്കില്‍ അതിജീവനത്തിന്റെ കാലത്ത് മൂന്ന് പള്ളിയോടങ്ങളിലായി 120 പേരായിരിക്കും എത്തുന്നത്. കോവിഡ് പരിശോധനയും വാക്സിനേഷനും ശേഷമാണ്് ഇവര്‍ എത്തുന്നത്. 40 പേര്‍ വീതമാണ് ഓരോ പള്ളിയോടത്തിലും എത്തുന്നത്.

നറുക്കെടുപ്പിലൂടെ നിശ്ചയിച്ച മൂന്ന് പള്ളിയോടങ്ങളാണ് ഉത്രട്ടാതി ജലമേളയില്‍ പങ്കെടുക്കുന്നത്. കിഴക്കന്‍ മേഖലയില്‍ നിന്ന് കോഴഞ്ചേരി, മധ്യമേഖലയില്‍ നിന്ന് മാരാമണ്‍, പടിഞ്ഞാറന്‍ മേഖലയില്‍ നിന്ന് കീഴ്വന്മഴി പള്ളിയോടങ്ങളാണ് ജലമേളയില്‍ പങ്കെടുക്കുന്നത്. ബുധനാഴ്ച രാവിലെ 10.45-ന് ക്ഷേത്രക്കടവില്‍ എത്തുന്ന പള്ളിയോടങ്ങളെ വെറ്റില പുകയില നല്‍കി സ്വീകരിക്കും. പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നുള്ള മാലയും പ്രസാദവും പള്ളിയോടങ്ങള്‍ക്ക് കൈമാറും.

ഒരു പള്ളിയോടത്തില്‍ 40 തുഴക്കാര്‍ മാത്രമേ പ്രവേശിക്കാവൂ എന്നാണ് നിബന്ധന. പള്ളിയോടത്തില്‍ എത്തുന്നവര്‍ ക്ഷേത്രക്കടവില്‍ ഇറങ്ങാന്‍ പാടില്ലെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പള്ളിയോട ക്യാപ്ടന്‍ വെള്ളമുണ്ടും ചുവന്ന തലയില്‍ക്കെട്ടും മറ്റുള്ളവര്‍ വെള്ളമുണ്ടും വെള്ളതലയില്‍ക്കെട്ടും ധരിക്കണം. പള്ളിയോട സേവാസംഘം നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡില്ലാത്ത ആരും പള്ളിയോടത്തില്‍ പ്രവേശിക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭീഷ്മപര്‍വത്തിലെ ഏഴുരണ്ടു ലോകമെല്ലാം അടക്കി പാലാഴി തന്നില്‍… എന്ന ഭാഗമാണ് പള്ളിയോടത്തില്‍ ആദ്യഘട്ടം പാടുന്നത്. ക്ഷേത്രക്കടവില്‍ നിന്ന് സത്രക്കടവിന്റെ ഭാഗത്തേക്ക് ഭീഷ്മപര്‍വം പാടി തുഴഞ്ഞ് നീങ്ങും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button