അയ്യപ്പ സംഗമത്തില്‍ അമിത് ഷായെയും യോഗി ആദിത്യനാഥിനെയും പങ്കെടുപ്പിക്കാനുള്ള നീക്കത്തിൽ സംഘാടകർ
ശബരിമല കര്‍മ സമിതി നടത്തുന്ന അയ്യപ്പ സംഗമത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പങ്കെടുപ്പിക്കാനുള്ള നീക്കത്തിൽ സംഘാടകര്‍. ബിജെപിക്ക് പുറമെ മറ്റ് രാഷ്ട്രീയ നേതാക്കളെയും സാമുദായിക സംഘടനാ പ്രതിനിധികളെയും വേദിയില്‍ എത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അയ്യപ്പഭക്തരുടെ വ്യാപക പങ്കാളിത്തമാണ് ലക്ഷ്യമെന്നും സംഘാടകര്‍ വ്യക്തമാക്കി.
സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള അയ്യപ്പ സംഗമത്തിനെതിരെ രാഷ്ട്രീയ പ്രചാരണം ശക്തമാക്കാനാണ് ബിജെപിയുടെ ശ്രമം. ബദല്‍ സംഗമം സംഘടിപ്പിച്ച് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുക എന്നതാണ് പാര്‍ട്ടിയുടെ നിലപാട്. ഹിന്ദുഐക്യവേദി ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകളാണ് ശബരിമല കര്‍മ സമിതിയില്‍ സജീവമായിരിക്കുന്നത്.
സര്‍ക്കാര്‍ നടത്തുന്ന അയ്യപ്പ സംഗമം കാപട്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക തന്നെയാണ് ബദല്‍ സംഗമത്തിന്റെ ലക്ഷ്യമെന്ന് ഹിന്ദുഐക്യവേദി അധ്യക്ഷന്‍ ആര്‍.വി. ബാബു വ്യക്തമാക്കി. സിപിഐഎം വിശ്വാസികളെ വഞ്ചിക്കുകയാണെന്നും, ഹൈന്ദവരോട് അവഹേളനപരമായ സമീപനം കൈക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. വിശ്വാസികള്‍ക്കൊപ്പമാണെന്ന സിപിഐഎമ്മിന്റെ അവകാശവാദം അവസരവാദപരമാണെന്നും ആര്‍.വി. ബാബു കൂട്ടിച്ചേർത്തു.
അതേസമയം, ഈ മാസം 20നാണ് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം പമ്പാ തീരത്ത് നടക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഭക്തജന സംഗമമാകുമെന്ന് അറിയിച്ചിരിക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാരും കേരളത്തിലെ കേന്ദ്രമന്ത്രിമാരും പങ്കെടുക്കും എന്നാണ് വിവരം.
Tag: Organizers are in the process of inviting Amit Shah and Yogi Adityanath to participate in the Ayyappa Sangamam