Kerala NewsLatest News

നിയമസഭയില്‍ മത്സരിക്കുന്നവര്‍ സഭാ സ്ഥാനങ്ങള്‍ ഒഴിയണമെന്ന് ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം: തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ ഇനി സഭാ സ്ഥാനങ്ങള്‍ക്ക് പുറത്ത്. തെരഞ്ഞെടുപ്പില്‍ വൈദികര്‍ മത്സരിക്കുന്നതിനെതിരെ പ്രതികരണവുമായി ഓര്‍ത്തഡോക്സ് സഭ രംഗത്ത്. മത്സരിക്കാന്‍ താത്പര്യമുളളവര്‍ക്ക് സഭാ സ്ഥാനങ്ങള്‍ ഒഴിഞ്ഞ് മത്സരിക്കാമെന്ന് സഭാ വൈദിക ട്രസ്റ്റി ഫാദര്‍ എം ഒ ജോണ്‍ പറഞ്ഞു. റാന്നി മണ്ഡലത്തില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഓര്‍ത്തഡോക്സ് വൈദികന്‍ മാത്യൂസ് വാഴക്കുന്നം സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് വൈദികര്‍ മത്സരിക്കുന്ന കാര്യത്തില്‍ പരസ്യ നിലപാടുമായി വൈദിക ട്രസ്റ്റി രംഗത്ത് വന്നത്.

എന്നാല്‍ മുന്നണികളുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ശേഷം മാത്രമേ, പിന്തുണ ആര്‍ക്കെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുകയുളളൂവെന്നാണ് സഭ ട്രസ്റ്റി പറയുന്നത്. നിലവില്‍ വൈദികര്‍ മത്സരിക്കുന്നതിനെ എതിര്‍ക്കുന്ന ചട്ടങ്ങളും ഉത്തരവുകളും സഭയില്‍ ഇല്ല. ആവശ്യമെങ്കില്‍ വൈദികര്‍ മത്സരിക്കുന്നതിനെ വിലക്കി ഔദ്യോഗികമായി ഉത്തരവിറക്കുന്നത് അടക്കം കടുത്ത തീരുമാനങ്ങള്‍ എടുക്കാനാണ് ആലോചനയെന്നും അദ്ദേഹം പറയുന്നു.

2001ല്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് ഓര്‍ത്തഡോക്സ് വൈദികന്‍ മത്തായി നൂറനാല്‍ നിയമസഭയിലേക്ക് മത്സരിച്ചതാണ്. എന്നാല്‍ അന്നത്തെ സാഹചര്യമല്ല നിലവിലെന്നും രാഷ്ട്രീയ ചേരിതിരിവ് രൂക്ഷമായിരിക്കുന്ന പുതിയ സാഹചര്യത്തില്‍ വൈദികര്‍ മത്സരിക്കുന്നത് ഉചിതമല്ലായെന്നുമാണ് സഭയുടെ വിശദീകരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button