ശിവശങ്കറിന് ഐ സി യു വിൽ വെഞ്ചാമരം വീശുന്നു സർക്കാർ.

വിവാദമായ സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ വിദേശത്തേക്ക് 1.90 ലക്ഷം യുഎസ് ഡോളർ കടത്തിയ കേസിൽ, മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന എം. ശിവശങ്കറിനും പങ്കുണ്ടെന്നത് സംബന്ധിച്ച ക്‌ളീൻ തെളിവുകൾ കസ്റ്റംസിന്റെ കൈയ്യിൽ.
ഡോളര്‍ കടത്തിയതിന് സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും സരിത്തിനേയും പ്രതികളാക്കിയാണ് കസ്റ്റംസ് പുതിയ കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയി ജോലി നോക്കിവരവേ,ശിവശങ്കർ പ്രതികള്‍ക്ക് വിദേശത്തേക്ക് 1.90 ലക്ഷം യുഎസ് ഡോളറർ കടത്താൻ സഹായിക്കുകയായിരുന്നു.
ശിവശങ്കറിന്റെ കടുത്ത സമ്മർദം കാരണം ഡോളർ നൽകിയെന്നാണ് ബാങ്ക് ഉദ്യോഗസ്ഥർ കസ്റ്റംസിന് മൊഴി നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ശിവശങ്കറിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അറസ്റ്റിലേക്ക് കടക്കാൻ കസ്റ്റംസ് നീങ്ങുന്നതിനിടെയാണ് കേരളത്തിലെ ജനങ്ങളെ മുഴുവൻ വിഡ്ഢികളാക്കുന്ന ശിവശങ്കറിന്റെ ദേഹാസസ്ഥ്യവും, കുഴഞ്ഞുവീഴൽ നാടകവും അരങ്ങേറുന്നത്. എൻഫോഴ്‌സ്‌മെന്റിന്റെ
അറസ്റ്റ് ഭയന്നാണ് ജനസേവകന്റെ കുപ്പായമിട്ട ഒരു ഐ എ എസ് ഓഫീസർ കേരളത്തിൽ അറസ്റ്റ് തടയാൻ കോടതിയെ സമീപിക്കുന്നത്.
അതും സംസ്ഥാന മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ കസേരയിലിരുന്നു കാട്ടിക്കൂട്ടിയ കൊള്ളരുതായ്മകളായിരുന്നു എല്ലാത്തിനും കാരണം.
ഓരോ ദിവസം കഴിയുംതോറും ശിവശങ്കരനെതിരെ ഉള്ള കുരുക്ക് മുറുകുകയാണ്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ശിവശങ്കരനും സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടുണ്ടെന്ന ഇ ഡിയുടെ കണ്ടെത്തലുകൾ ബലപ്പെടുത്തുന്ന തെളിവുകൾ ആണ് കസ്റ്റംസിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ലൈഫ് മിഷനിൽ യുണിടാക്കിനെ കൊണ്ടുവന്നതടക്കമുള്ള കാര്യങ്ങളിൽ സി.ബി.ഐയും ശിവശങ്കരനെതിരെ കുരുക്ക് മറ്റൊരുവശത്ത് മുറുക്കുന്നുണ്ട്. നയതന്ത്ര ബാഗേജ് ദുരുപയോഗത്തിലെ ശിവശങ്കറിൻറെ പങ്കിനെ കുറിച്ച് കസ്റ്റംസിന്റെ അന്വേഷണം വേറെയും നടക്കുകയാണ്. സ്വർണ്ണക്കടത്ത് കേസ് അന്വേഷണം മൂന്ന് മാസം പിന്നിടുമ്പോൾ വ്യക്തമായ തെളിവുകൾ ശിവശങ്കരൻറെ പങ്കിനെ കുറിച്ച് ലഭിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസ് വൃത്തങ്ങൾ ഇപ്പോൾ പറയുന്നത്. വാട്‍സ്ആപ്പ്, ടെലഗ്രാം ചാറ്റുകളടക്കം കസ്റ്റംസ് ശേഖരിച്ചിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തെളിവുകളും കസ്റ്റംസിൻറെ പക്കൽ ഉണ്ട്. അതുകൊണ്ടുതന്നെ ഇനിയുള്ള ചോദ്യം ചെയ്യൽ നിർണായകമാണ്. മാത്രമല്ല അറസ്റ്റ് ഉണ്ടാകുമെന്നും ഉറപ്പായിരുന്നു. മറ്റ് ഏജൻസികൾക്ക് മുമ്പാകെ ശിവശങ്കർ നൽകിയ മൊഴികളിൽ രക്ഷപെടാനായി ആരോ പറഞ്ഞു കൊടുത്ത തന്ത്രമാണ് ഒടുവിൽ നടന്ന നാടകം വരെ അരങ്ങേറിയത്.
എൻഫോഴ്‍സ്‍മെൻറ് ഡയറക്ട്രേറ്റ് കോടതിയിൽ നൽകിയ പ്രാഥമിക കുറ്റപത്രത്തിൽ ശിവശങ്കരൻറെ പേരില്ല. എന്നാൽ ഗുരുതരമായ ചില കണ്ടെത്തലുകൾ ഇ.ഡി ശിവശങ്കറിന്റെ കാര്യത്തിൽ നടത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ ചാർട്ടേഡ് അക്കൌണ്ടൻറുമായി നടത്തിയ വാട്‍സ്ആപ്പ് ചാറ്റ് ലഭിച്ചത് മുതലാണ് ശിവശങ്കരന് തിരിച്ചടി തുടങ്ങുന്നത്. സ്വപ്നയ്ക്ക് ലഭിച്ച മുപ്പത് ലക്ഷം രൂപ സൂക്ഷിക്കുന്നത് സംബന്ധിച്ച് നടത്തിയ വാട്‍സ്ആപ്പ് ചാറ്റിൽ ശിവശങ്കറിന്റെ പങ്ക് വ്യക്തമാണ്. സ്വപ്നയുടെ ലോക്കറിൻറെ കൂട്ടുടമ ശിവശങ്കരനാണെന്നത്തിന്റെ സൂചനകളും അന്വേഷണ ഏജൻസിക്കു ലഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇ.ഡിയുടെ പ്രതിപട്ടികയിലേക്ക് ശിവശങ്കരനും എത്തുമെന്നിരിക്കെയാണ് കസ്റ്റംസിന്റെ പ്രതിപട്ടികയിൽ ശിവശങ്കരർ കുടുങ്ങുമെന്ന് ഉറപ്പായിരിക്കുന്നത്.
ഇ.ഡിക്കും, കസ്റ്റംസിനും പിന്നാലെ സി.ബി.ഐയും ശിവശങ്കരനെതിരെ നീക്കം തുടങ്ങിയിട്ടുണ്ട്. ലൈഫ് മിഷനിലേക്ക് ഹാബിറ്റാറ്റിനെ മാറ്റി യുണിടാക്കിനെ കൊണ്ടുവന്നതിന് പിന്നിൽ സ്വപ്നയടക്കമുള്ള സ്വർണക്കടത്ത് കേസിലെ പ്രതികളാണെന്നത്തിന്റെ തെളിയൂവുകൾ സി.ബി.ഐ കൈയ്യിലാക്കിയിട്ടുണ്ട്. ഇതിന് ശിവശങ്കരനും പങ്കുണ്ടെന്നാണ് സി ബി ഐ സംശയിക്കുന്നത്. ഇക്കാര്യത്തിൽ വ്യക്തത വന്നാൽ സി.ബി.ഐയും ശിവശങ്കരനെ പ്രതിപട്ടികയിലേക്ക് കൊണ്ടുവരുമെന്നും ഉറപ്പാവുകയാണ്. കസ്റ്റംസ് ചോദ്യം ചെയ്യാൻ കൂട്ടാൻ വരുമ്പോൾ ദേഹാസ്യസ്ഥത്തിന്റെ കാര്യം പറഞ്ഞു സ്വന്തം ഭാര്യ ജോലി നോക്കുന്ന ആശുപത്രിയിൽ അഭയം തേടുകയായിരുന്നു ശിവശങ്കർ യഥാർത്ഥത്തിൽ ചെയ്തത്. സർക്കാർ ഹോസ്പിറ്റലിലേക്ക് മാറ്റണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടപ്പോൾ മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിടെ ആകട്ടെ വിരുതൻ ശിവശങ്കറിന്റെ ചികിത്സക്കായി മെഡിക്കൽ ബോർഡും സർക്കാർ നിർദ്ദേശത്തോടെ ഉണ്ടാക്കി കൊടുത്തു സഹായിച്ചു.
ശിവശങ്കറിന്റെ ചികിത്സയ്ക്കായി ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡില്‍ കാര്‍ഡിയോളജി, ന്യൂറോ സര്‍ജറി, ന്യൂറോ വിഭാഗം ഡോക്ടര്‍മാരാണുള്ളത്. കഴിഞ്ഞ ദിവസമാണ് ശിവശങ്കറിനെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ദേഹാസ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശിവശങ്കറിന് ഒരു അസുഖവും ഇല്ലെന്നാണ് പരിശോധനകളിൽ കണ്ടെത്തിയിട്ടുള്ളത്. ഒരസുഖവും ഇല്ലാത്ത അവസ്ഥയിൽ അദ്ദേഹത്തിന് നടുവ് വേദന ഉണ്ടെന്നു വിദഗ്ധർ ഇപ്പോൾ കണ്ടെത്തിയിരിക്കുകയാണ്. ഡിസ്കിന്റെ തകരാറിന് ഐ സി യുവിൽ സുഖവാസം ഒരുക്കുകയാണ് സർക്കാർ ചെയ്തിരിക്കുന്നത്. നിയമങ്ങൾ കാറ്റിൽ പറത്തിനിയമ വിരുദ്ധ പ്രവർത്തനങ്ങൾ ചെയ്ത ഐ എ എസ് ഓഫീസർക്ക് സർക്കാർ വെഞ്ചാമരം വീശി കൊടുക്കുകയാണ് എന്നുവേണം പറയാൻ. നാണം കേട്ട കേരളം ഇതൊക്കെ കാണണം. നാണക്കേടിൽ കേരള ജനത മൂക്കത്ത് വിരൽ വെക്കണം.