CinemaLatest NewsNationalNewsUncategorized

ഓൺലൈൻ രംഗത്തിന് കേന്ദ്രത്തിൻറെ കടിഞ്ഞാൺ: ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാൻ മാർഗരേഖ പുറത്തിറക്കും

ന്യൂ ഡെൽഹി: ഒടിടി പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാൻ കേന്ദ്രം ഉടൻ മാർഗരേഖ പുറത്തിറക്കും. സർക്കാർ വിവിധ ഒടിടി പ്ലാറ്റ്ഫോമുകളുമായി ചർച്ച നടത്തി. ഇന്റർനെറ്റ് മൊബൈൽ അസോസിയേഷൻ മുന്നോട്ടുവച്ച സ്വയം നിയന്ത്രണ നിർദ്ദേശങ്ങൾ നേരത്തെ കേന്ദ്രം തള്ളിയിരുന്നു. നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായി ഓൺലൈൻ പ്ലാറ്റ്ഫോമുകളെ വാർത്താ വിതരണ മന്ത്രാലയത്തിന് കീഴിലാക്കിയിട്ടുണ്ട്.

രാജ്യത്ത് നിലവിൽ സെൻസർഷിപ്പില്ലാതെ സിനിമകളോ ഡോക്യുമെൻററികളോ വെബ് സീരീസുകളോ പ്രസിദ്ധീകരിക്കാവുന്ന ഓൺലൈൻ വേദിയാണ് ഒടിടി പ്ലാറ്റ്‍ഫോമുകൾ. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയുള്ള സിനിമ, ‍ഡോക്യുമെൻ്ററികൾ, വാർത്ത, രാഷ്ട്രീയ സംഭവവികാസങ്ങളെ കുറിച്ചുള്ള വിവരണങ്ങളെല്ലാം ഇനി കേന്ദ്ര സർക്കാർ നിരീക്ഷിക്കും ആവശ്യമെങ്കിൽ നിയന്ത്രണം ഏർപ്പെടുത്തും. അതിൻറെ തുടക്കമായാണ് നെറ്റ്ഫ്ളിക്സ്, ആമസോൺ പ്രൈം പോലുള്ള ഒടിടി പ്ലാറ്റ്ഫോമുകൾ, വാർത്ത പോർട്ടലുകൾ എന്നിവയെ വാർത്താ വിതരണ മന്ത്രാലയത്തിന് കീഴിലാക്കിയുള്ള ഉത്തരവ്. വാർത്ത പോർട്ടലുകൾക്കും ഓൺലൈൻ വിനോദ പ്ലാറ്റ്ഫോമുകൾക്കും ലൈസൻസ് ഉൾപ്പെടെ നിർബന്ധമാക്കാൻ സാധ്യതയുണ്ട്.

സിനിമകളും ഡോക്യുമെൻററികളും സെൻസറിംഗ് ഇല്ലാതെ ഒടിടി പ്ലാറ്റ്ഫോമുകളിൽ പ്രദർശിപ്പിക്കുന്നതും നിയന്ത്രിച്ചേക്കും. തത്വത്തിൽ ഓൺലൈൻ രംഗത്തിന് കേന്ദ്രത്തിൻറെ കടിഞ്ഞാൺ വരികയാണ്. ഓൺലൈൻ പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിലെത്തിയ ഒരു കേസിൽ ചീഫ് ജസ്റ്റിസ് കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചിരുന്നു. ഓൺലൈൻ പോ‌‌ർട്ടലുകളെ നിയന്ത്രിക്കാൻ സുപ്രീംകോടതി ഇടപെടണമെന്ന് മറ്റൊരു കേസിൽ കേന്ദ്ര സർക്കാർ തന്നെ ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് നിയന്ത്രണങ്ങൾക്കുള്ള നടപടികൾ കേന്ദ്രം തന്നെ തുടങ്ങിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button