മുഖ്യന്റെ കടുംപിടുത്തവും, ധാര്‍ഷ്ട്യവും,ഖജനാവിനെ ബാധിക്കുന്നു

പിണറായി സര്‍ക്കാരിനു നേരെ ശനിയന്റെ ആക്രമണം നടക്കുകയാണ്. മുഖ്യന്റെ കടുംപിടുത്തവും, ധാര്‍ഷ്ട്യവും, പാര്‍ട്ടിക്കും സര്‍ക്കാരിനും അതുവഴി പൊതുസമൂഹത്തിനും ചെറിയ നഷ്ട്ടങ്ങളല്ല ഇതിനകം ഉണ്ടാക്കിയിരിക്കുന്നത്. ഖജനാവിന്റെ സ്ഥിതി നോക്കാതെ ഭരണം നടത്തുന്ന ഒരു രാജാവിനെ പോലെയാണ് പിണറായി എന്നുപറഞ്ഞാലും അധികമാവില്ല. തിരിഞ്ഞും മറിഞ്ഞും നോക്കാതെ വാശിയോടെ,ധാര്‍ഷ്ട്യത്തോടെ കാട്ടുന്ന കടും പിടുത്തങ്ങൾ എല്ലാം കൂനിന്മേൽ കുരുപോലെ ആവുകയാണെങ്കിലും അതൊന്നും പ്രശ്നമല്ലെന്ന മട്ടിൽ ആണ് പിണറായിയുടെ പോക്ക്. സർക്കാർ വിളിച്ചു വരുത്തിയ ശനിയൻ ഇപ്പോൾ സിപിഎമ്മിനെയും ബാധിച്ചിരിക്കുകയാണ്.
ശബരിമല പ്രശനം മുതൽ തുടങ്ങിയതാണ് എല്ലാം. പാര്‍ട്ടിക്കും സര്‍ക്കാരിനും തൊടുന്നതെല്ലാം ഇപ്പോൾ പിഴയ്ക്കുകയാണ്. അതിനെ മറുകണ്ടം ചാടാൻ നടത്തുന്ന ശ്രമങ്ങളും പാളുകയാണ്. പിണറായി വിജയന്റെ ധാര്‍ഷ്ട്യവും കടുംപിടുത്തവും സര്‍ക്കാരിനും പൊതുസമൂഹത്തിനും വരുത്തി വെച്ച നഷ്ട്ടങ്ങൾ ചില്ലറയൊന്നുമല്ല. ഡോ ടി പി സെന്‍കുമാറിന് അര്‍ഹതപ്പെട്ട പൊലീസ് മേധാവി കസേരക്ക് തടയിടാൻ തുടങ്ങി വെച്ച നടപടിമുതൽ, സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട സി ബി ഐ അന്വേഷണം തടയാൻ നടത്തിയ ശ്രമങ്ങൾ വരെ പാഴാക്കിയത് കോടികൾ ആണ്.
പാവം ജനത്തിന്റേതാണ് ഈ കോടികൾ എന്ന് മറന്നുകൊണ്ടാണിത്. സെന്‍കുമാറിനെതിരെ വ്യാജ അഴിമതി ആരോപണവുമായി സുപ്രീംകോടതിയില്‍ എത്തിയ സിപിഎം നേതാവ് എ ജെ സുക്കാര്‍ണ്ണോയ്ക്ക് 25000 രൂപ കോടതി പിഴ വിധിച്ചതിനു പിറകെ, ആണ് ജനത്തിന്റെ പണം പാഴാക്കുന്ന കണക്കുകളുടെ തുടക്കം. സെൻ കുമാറിനെതിരെ സര്‍ക്കാര്‍ തന്നെ പിന്നീട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
സെൻ കുമാറിന്റെ തൊപ്പി തെറിപ്പിക്കാൻ സർക്കാർ കോടതിയിൽ പൊരിഞ്ഞ പോരാട്ടം തന്നെ നടത്തി.
സെന്‍കുമാറിന് തൊപ്പി തിരികെ നല്‍കാനായിരുന്നു കോടതി ഉത്തരവ് ഉണ്ടായത്. കോടതി വിധി നടപ്പാക്കാതെ ഉരുണ്ടു കളിച്ച പേരിൽ സംസ്ഥാന സര്‍ക്കാരില്‍ നിന്നും 25000 രൂപ കോടതി പിഴ ഈടാക്കുകയായിരുന്നു പിന്നെ. കേസ് നടത്താന്‍ ഹരീഷ് സാല്‍വേ ഉള്‍പ്പടെയുള്ള അഭിഭാഷകരെ എത്തിച്ച ഇനത്തില്‍ ഖജനാവിന് 20 ലക്ഷം രൂപയാണ് പിണറായി സർക്കാർ നഷ്ട്ടം ഉണ്ടാക്കിയത്.
കുപ്രസിദ്ധമായ സോളാര്‍ കേസ് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന് വേണ്ടി 7.5 കോടി ചെലവഴിച്ചത്തിൽ പിണറായി സർക്കാരിനും, യു ഡി എഫ് മുന്നണിക്കും ഒരുപോലെ പങ്കുണ്ട്. കമ്മീഷന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിനെതിരെ ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ ഹൈക്കോടതയില്‍ പോയപ്പോൾ പിണറായി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വിലപിടിപ്പുള്ള അഭിഭാഷകരെ കൊണ്ടു വരുകയായിരുന്നു. മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ നാല് തവണ കേസിനു ഹാജരായതിന് ഫീസ്, വിമാനക്കൂലി, ഹോട്ടല്‍ ബില്‍ എല്ലാം കൂടി ചെലവ് 1 കോടി 20 ലക്ഷം രൂപയാണ് ജനത്തിന്റെ പണം പൊടിച്ചത്.
കേസ് വിശദീകരിക്കാനായി മാത്രം കേരളത്തിലെ രണ്ട് അഭിഭാഷകര്‍ ദില്ലിക്ക് പോയി മടങ്ങിവരുന്നത് വരെ വന്ന ലക്ഷങ്ങൾ വേറെയാണ് എന്ന് ഓർക്കണം. കേരളം പ്രളയത്തില്‍ മുങ്ങി ജനം നട്ടം തിരിയുമ്പോഴായിരുന്നു ഇതെല്ലം എന്നതാണ് മറ്റൊരു യാഥാർഥ്യം. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താന്‍ നിര്‍ബന്ധിത സാലറി ചലഞ്ച് നടപ്പാക്കിയ സര്‍ക്കാര്‍ നടപടി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിര സുപ്രീംകോടതിയില്‍ പോയ വകയിലും ലക്ഷങ്ങള്‍ ആണ് തുലച്ചത്. ജയ്ദീപ് ഗുപ്തയെന്നലക്ഷങ്ങള്‍ വാങ്ങുന്ന അഭിഭാഷകൻ സര്‍ക്കാരിന് വേണ്ടി വാദിച്ച് തോൽക്കുകയായിരുന്നു. പിന്നീടാണ് ശബരിമല വിധി വരുന്നത്.
നവോത്ഥാനത്തിന്റെ പേരിൽ വനിതാ മതില്‍ കെട്ടാൻ പൊതു ഖജനാവില്‍ നിന്ന് പിണറായി സർക്കാർ കണ്ണുമടച്ചു നൽകിയത് 50 കോടിയായിരുന്നു.വനിതാ മതിലിനായി സര്‍ക്കാര്‍ പണം ചെലവഴിക്കില്ലെന്ന നിലപാട് ആയിരുന്നു പറഞ്ഞിരുന്നതെങ്കിലും, ഹൈക്കോടതിയില്‍ സത്യം തുറന്നു പറഞ്ഞു. ഇങ്ങനെ ജനത്തിന്റെ പണം വാരിക്കോരി തുലക്കുമ്പോഴാണ്, അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മോഷണം ആരോപിച്ച് തല്ലിക്കൊന്ന കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാനാവില്ലെന്ന് സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുന്നത്. ചെലവഴിക്കാന്‍ സര്‍ക്കാരിന്റെ കയ്യില്‍പണമില്ലെന്നായിരുന്നു അതിനു പറഞ്ഞ ന്യായീകരണം.
പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഷുഹൈബ്, ശരത് ലാല്‍ എന്നിവരെ കൊലപ്പെടുത്തിയ കേസ് സിബിഐക്ക് വിടാതിരിക്കാനും, പാർട്ടി താല്പര്യം സംരക്ഷിക്കാനും, സര്‍ക്കാര്‍സുപ്രീംകോടതിയില്‍ നിന്ന് അഭിഭാഷകരെ കൊണ്ടുവരികയായിരുന്നു. ഇതിനായി കേരള ജനതയുടെ ഖജനാവ് പണം ചിലവഴിച്ചത് 88 ലക്ഷം ആയിരുന്നു. കേസ് തോറ്റു തുന്നം പാടുകയായിരുന്നു പിന്നെ. കേസ് സിബിഐക്ക് വിട്ട നടപടി ചോദ്യം ചെയ്ത് സര്‍ക്കാര്‍ സുപ്രീംകോടതിയിലും പോയി നോക്കി. ഹൈക്കോടതിയില്‍ തോറ്റ മനീന്ദര്‍സിംഗെന്ന പഴയ സോളിസിറ്റര്‍ ജനറലിനെ അവിടെയും ഇറക്കി പയറ്റി നോക്കി. ഒരു സിറ്റിംഗിന് 20 ലക്ഷം രൂപവെച്ചായിരുന്നു ചെലവ്. പെരിയ കേസില്‍ സിബിഐയെ തടയാന്‍ മാത്രം മുഖ്യൻ രാഷ്ട്രീയ താല്പര്യത്തിനു വേണ്ടി മാത്രം സർക്കാർ ഖജനാവിൽ നിന്ന് പാഴാക്കിയത് 1 കോടിക്ക് മേലെയാണ്.
സ്പ്രിങ്ക്‌ളര്‍ വിവാദത്തിലും വാശിയും വൈരാഗ്യത്തോടെയും, സ്വന്തം ഭാഗം ന്യായീകരിക്കാന്‍ സര്‍ക്കാര്‍ ലക്ഷങ്ങള്‍ മുടക്കി അഭിഭാഷകയെ എത്തിച്ചു. സ്പ്രിങ്ക്‌ളര്‍ നു സര്‍ക്കാരിനായി വാദിച്ച് തോറ്റത് മുംബൈയില്‍ നിന്നുള്ള സൈബര്‍ നിയമവിദഗ്ധയായ എന്‍.എസ്. നാപ്പിനൈയാണ്. അങ്ങനെയും ജനത്തിന്റെ ലക്ഷങ്ങൾ തുലച്ചു. പത്മനാഭസ്വാമി ക്ഷേത്രം രാജകുടുംബത്തിന വിട്ടു നല്‍കരുതെന്ന് ആവശ്യപ്പെടാനും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പോയി,തോറ്റു തുന്നം പാടി മടങ്ങി. അതിനായി ഇറക്കിയത് അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയെ ആയിരുന്നു. ഏറ്റവും അവസാനം ലൈഫ് മിഷനിലെ സിബിഐ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടും സര്‍ക്കാര്‍ കോടതിയെ സമീപിച്ചു. ആ കേസിന്റെ കാര്യത്തിലും സർക്കാർ തോറ്റു തൊപ്പിയിട്ടു. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ കെ വി വിശ്വനാഥനെ ആയിരുന്നു ഈ കേസിൽ സർക്കാർ കൊണ്ടുവന്നു ഖജനാവിലെ ജനത്തിന്റെ പണം കുറച്ചു കൊടുത്തത്.
പിണറായി സർക്കാർ വാശിയോടെയും, കടുംപിടുത്തവും, ധാര്‍ഷ്ട്യവും കൊണ്ടും കോടതിയിൽ പോയാണ് ഒട്ടുമിക്ക കേസുകളും തോറ്റു തൊപ്പിയിട്ടിരിക്കുന്നത്. ഇതിൽ ശബരിമല പിണറായിഅധികാരത്തിലെത്തുന്നതിന് മുന്‍പ് സുപ്രീംകോടതിയിലെത്തിയ കേസായിരുന്നു. മറ്റ് കേസുകളെല്ലാം പിണറായി വിജയന്റെ കടുംപിടുത്തത്തിന്റെ ഭാഗമായി മാത്രം വിളിച്ചു വരുത്തിയതുമാണ്. കോടികള്‍ മുടക്കിയിട്ടും എല്ലാ കേസുകളും തോറ്റ് തുന്നം പാടുകയായിരുന്നു. സര്‍ക്കാരിനായി വാദിക്കാന്‍ ഹൈക്കോടതിയില്‍ മാത്രം 133 അഭിഭാഷകര്‍ ജോലി ചെയ്യുമ്പോഴാണ് സര്‍ക്കാര്‍ സ്വകാര്യ അഭിഭാഷകരെ തേടിപ്പോയി, ജനത്തിന്റെ പണം തുലച്ചുകൊണ്ടു ധൂർത്ത് നടത്തുന്നത്. സർക്കാരിന്റെ അഭിഭാഷകര്‍ക്ക് മാസ ശമ്പളമായി ഒരു കോടി 49 ലക്ഷം രൂപയാണ് കൊടുത്തുകൊണ്ടിരിക്കുന്നത്. ഇതിന് പുറമെ എ.ജി, രണ്ട് അഡീ. എ.ജി, ഡി.ജി.പി, അഡി. ഡി.ജി.പി, സെപ്ഷ്യല്‍ ഗവ.പ്ലീഡര്‍ എന്നിവര്‍ക്ക് ശമ്പളം കൂടാതെ പ്രത്യേക സിറ്റിംഗ് ഫീസ് നല്‍കുന്നുമുണ്ട്. ഇങ്ങനെ ഉള്ളപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കടുപിടുത്തത്തിനും ധാര്‍ഷ്ട്യത്തിനുമായി കോടികൾ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിച്ച് തുലക്കുന്ന പരമ്പര തുടരുന്നത്.