അമ്മൂമ്മ കൈയിൽ മെഴുക് ഉരുക്കി ഒഴിച്ചു, ടിഷ്യൂ പേപ്പർ വായിൽ കുത്തിതിരുകി; രണ്ടു വയസുകാരനെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ന്യൂഡൽഹി: രണ്ടു വയസുളള കുട്ടിയെ കുടുംബാംഗങ്ങൾ ക്രൂരമായി ഉപദ്രവിക്കുന്നതിന്റെ വീഡിയോ പുറത്ത്. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ ഇടപെട്ടു. പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തു. കുട്ടിയുടെ കൈയിൽ കത്തുന്ന മെഴുകുത്തിരിയിൽ നിന്നും ഉരുകി ഒലിച്ചിറങ്ങുന്ന മെഴുക് ഒഴിക്കുന്ന ദാരുണ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. മൂന്ന് പ്രാവശ്യമാണ് ഇത് തുടർന്നത്.
കുട്ടിയുടെ തലയിലും പുറത്തും വയറിലുമായി അമ്മൂമ്മ ഇടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കുട്ടി കരയാതിരിക്കാൻ ടിഷ്യൂ പേപ്പർ വായിൽ കുത്തിതിരുകുന്നുണ്ട്. കുട്ടിയുടെ ദുരവസ്ഥ കണ്ട് തൊട്ടടുത്തിരിക്കുന്ന സ്ത്രീ പൊട്ടിച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഇതിന്റെ വീഡിയോ വ്യാപകമായാണ് സോഷ്യൽമീഡിയയിൽ അടക്കം പ്രചരിക്കുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട ദേശീയ വനിതാ കമ്മീഷൻ ഇടപെട്ടു. പ്രതികൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പുറത്ത് പോകണമെന്ന് കുട്ടി വാശിപിടിച്ചതിനെ തുടർന്നാണ് ഉപദ്രവിച്ചതെന്നാണ് വീട്ടുകാരുടെ വിശദീകരണം.