CovidHealthUncategorizedWorld

ഓക്‌സ്ഫഡ് വാക്‌സിൻ വൈറസിനെതിരേ 76 ശതമാനത്തോളം ഫലപ്രദം: കൊറോണ വ്യാപനം കുറയുന്നതായി പഠനം

ലണ്ടൻ: ഓക്സഫഡ് – ആസ്ട്രസെനക്ക വാക്‌സിൻ കൊറോണ വ്യാപനം തടയുന്നതിൽ ഫലപ്രദമാണെന്ന് പുതിയ പഠനം. ഒരു ഡോസിൽ തന്നെ വൈറസിനെതിരെ മികച്ച പ്രതിരോധം നൽകാൻ വാക്‌സിന് സാധിക്കുമെന്ന് പഠനത്തിൽ വ്യക്തമായതായി ബ്രിട്ടീഷ് സർക്കാറുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

പ്രതിരോധശേഷി ആർജിക്കുന്നതിൽ ആദ്യഡോസിൽ തന്നെ 76 ശതമാനത്തോളം വാക്‌സിൻ ഫലപ്രദമാണ്. ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിലെ പതിനേഴായിരത്തോളം പേരിലാണ് പഠനം നടന്നത്. ആദ്യ ഡോസിൽ തന്നെ ഇത്രയും രോഗപ്രതിരോധം ആർജിക്കാൻ കഴിയുന്നതിനാൽ പരമാവധി പേർക്ക് ആദ്യ ഡോസ് നൽകുക എന്ന തന്ത്രം സ്വീകരിക്കാനൊരുങ്ങുകയാണ് ബ്രിട്ടൻ.

ഓക്‌സ്ഫഡ് വാക്‌സിൻ വൈറസിനെതിരേ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് ബ്രിട്ടീഷ് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാൻകോക്ക് പ്രതികരിച്ചു. വൈറസ് വ്യാപനം മൂന്നിലൊന്നായി കുറയ്ക്കാൻ വാക്‌സിന് സാധിക്കുന്നുണ്ട്. പുതിയ പഠനം സന്തോഷം നൽകുന്ന വാർത്തയാണെന്നും അദ്ദേഹം പറഞ്ഞു.

ഓക്‌സ്ഫഡ് വാക്‌സിൻ പ്രായം ചെന്നവരിൽ ഫലപ്രദമാണോ എന്ന ചർച്ചകൾ നടക്കുന്നതിനിടെയാണ് വാക്‌സിന്റെ പ്രതിരോധത്തെക്കുറിച്ച് പുതിയ പഠനം പുറത്തുവന്നിരിക്കുന്നത്. അടുത്തിടെ യൂറോപ്യൻ മെഡിസിൻസ് ഏജൻസി ഓക്‌സ്ഫഡ് വാക്‌സിൻ പ്രായം ചെന്നവരിൽ ഫലപ്രദമാണെന്നും ഉപയോഗിക്കാമെന്നും ശുപാർശ ചെയ്തിരുന്നെങ്കിലും പല രാജ്യങ്ങളും ഇപ്പോഴും ഇതിനെതിരാണ്.

65 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ഓക്‌സ്ഫഡ് വാക്‌സിൻ നൽകില്ലെന്ന് ജർമനി ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. 55 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ഓക്‌സഫഡ് വാക്‌സിൻ ശുപാർശ ചെയ്യില്ലെന്ന് ഇറ്റലിയും വ്യക്തമാക്കി. 55 വയസ്സിന് മുകളിൽ പ്രായമുളള്ളവർക്ക് ഈ വാക്‌സിൻ ഫലപ്രദമല്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button