Kerala NewsLatest NewsNewsPolitics

‘പിണറായി ഇടതുപക്ഷത്തിന്‍റെ ടീം ലീഡര്‍’ നിലപാടില്‍ വ്യക്തത വരുത്തി പി ജയരാജന്‍

പാര്‍ട്ടിയാണ് ക്യാപ്റ്റനെന്ന നിലപാടില്‍ വിശദീകരണവുമായി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍. എല്‍.ഡി.എഫിന്‍റെ ടീം ലീഡര്‍ പിണറായി വിജയന്‍ തന്നെയാണ്. സ്വാഭാവികമായും പിണറായിയോട് ജനങ്ങള്‍ക്ക് ആദരവും സ്നേഹവുമുണ്ടാകും. ഇതാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഉദ്ദേശിച്ചത്. പാര്‍ട്ടി തന്നെ ഒതുക്കിയെന്ന കെ സുധാകരന്‍റെ പ്രസ്താവന കണ്ടെന്നും സ്ഥാനാര്‍ഥിയാകാന്‍ കഴിയാത്ത നൈരാശ്യം മറ്റുള്ളവരോട് തീര്‍ക്കേണ്ടെന്നും ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റനെന്നു വിളിക്കുന്നതില്‍ പ്രതികരണവുമായി പി. ജയരാജന്‍ രംഗത്തെത്തിയത്. ‘എല്ലാവരും സഖാക്കളാണ്, പാര്‍ട്ടിയാണ് ക്യാപ്റ്റന്‍’. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പി ജയരാജന്‍റെ പരാമര്‍ശം.

ഇന്നലത്തെ എന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വലതുപക്ഷ മാധ്യമങ്ങള്‍ ദുരുദ്ദേശപരമായാണ് ചര്‍ച്ചയാക്കിയത്. സിപിഎമ്മില്‍ ഭിന്നതയുണ്ടെന്ന് വരുത്തി മുതലെടുപ്പ് നടത്താനാണ് വലതുപക്ഷ ശ്രമം. ഇത് വിജയിക്കില്ല. സര്‍വ്വേ റിപ്പോര്‍ട്ടുകളില്‍ പിണറായിയുടെ നേതൃത്വത്തില്‍ എല്‍.ഡി.എഫ് വീണ്ടും അധികാരത്തില്‍ വരുമെന്ന് പ്രവചിച്ച സാഹചര്യത്തിലാണ് ഈ ശ്രമം. പാര്‍ട്ടി എന്നെ ഒതുക്കിയെന്ന് പറയുന്ന സുധാകരന്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി പട്ടികയിലെ നൈരാശ്യം അദ്ദേഹം തന്നെ പരസ്യമാക്കിയതാണ്. അത് മറ്റുള്ളവരുടെ ചുമലില്‍ കെട്ടിവെക്കണ്ടതില്ല. എല്‍ഡിഎഫ് ഒറ്റ മനസോടെയാണ് ഈ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അതിന്റെ ടീം ലീഡറാണ് സഖാവ് പിണറായി. പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കമ്യൂണിസ്റ്റുകാര്‍ വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ലെന്നായിരുന്നു കഴിഞ്ഞ ദിവസം പി.ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. പാട്ടെഴുതിയും ഫോട്ടോ വച്ചും ടാറ്റൂ ചെയ്തും ചിലര്‍ ഇഷ്ടം പ്രകടിപ്പിക്കും. കോടിയേരി പറ‍ഞ്ഞതുപോലെ പാര്‍ട്ടിയില്‍ എല്ലാവരും സഖാക്കളാണ്. പാര്‍ട്ടിയാണ് ക്യാപ്റ്റന്‍, വ്യക്തികളല്ല, പാര്‍ട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പ് എന്നു പറഞ്ഞാണ് പി.ജയരാജന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button