സി.പി.ഐ.എം പ്രവർത്തകർക്ക് ഇനി എത്ര പേരെ കൊന്നു കഴിഞ്ഞാൽ അവരുടെ ബാലൻസ് ഷീറ്റ് ടാലിയാവും: മൻസൂറിൻറെ കൊലപാതകത്തിൽ ആഞ്ഞടിച്ച് എം.എസ്.എഫ് നേതാവ്
കണ്ണൂർ: സി.പി.ഐ.എം പ്രവർത്തകരുടെ ആക്രമണത്തിൽ കണ്ണൂരിൽ കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിൻറെ കൊലപാതകത്തിൽ ആഞ്ഞടിച്ച് എം.എസ്.എഫ് നേതാവ്. സി.പി.ഐ.എം പ്രവർത്തകർക്ക് ഇനി എത്ര പേരെ കൊന്നു കഴിഞ്ഞാൽ അവരുടെ ബാലൻസ് ഷീറ്റ് ടാലിയാവുമെന്നും എത്ര പേരുടെ ചോരകിട്ടിയാലാണ് കൊതി തീരുകയെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ നവാസ്.
ഒരു മനുഷ്യനെ വെട്ടിനുറുക്കി കൊല്ലുന്നു എന്ന് മാത്രമല്ല, ചാനലിരുന്ന് തട്ടികൊണ്ടുപോയ കള്ളക്കഥകൾ പറഞ്ഞുണ്ടാക്കുന്നു. കൊലപാതകങ്ങളെ താരതമ്യം ചെയ്യുന്ന രീതിതന്നെ അപമാനകരമാണെന്നും പി.കെ നവാസ് ചൂണ്ടിക്കാട്ടി. കൊലപാതക വിവരം നേരത്തെ ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും പ്രചരിച്ചിട്ടും ഇതെല്ലാം അറിഞ്ഞ ഡി.വൈ.എഫ്.ഐയുടെ മേഖലാ ട്രഷറർ അടക്കമുള്ള സി.പി.എം നേതാക്കൾ എവിടെയായിരുന്നുവെന്നും പി.കെ നവാസ് വിമർശിച്ചു.
പി.കെ നവാസിൻറെ വാക്കുകൾ:
ഒരു കൊലപാതകം ആഘോഷിക്കപ്പെടുകയാണ്. സി.പി.ഐ.എം നേതാവ് പി.ജയരാജൻറെ മകൻ ഇത് അർഹിച്ചതാണെന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റിടുന്നു. അതിലേക്ക് നിരവധിയായ ആളുകൾ കമൻറുകളിടുന്നു. അതിലേക്ക് നിരവധിയായ ആളുകൾ ലൈക്കുകൾ കൊടുക്കുന്നു. ഈ സമൂഹത്തിലേക്ക് ഏത് തരത്തിലുള്ള ആളുകളെയാണ് പാർട്ടി മുന്നോട്ടു വളർത്തി കൊണ്ടുവരുന്നതെന്നാണ് നിങ്ങൾ ആലോചിക്കേണ്ടത്. ഒരു മനുഷ്യനെ വെട്ടിനുറുക്കി കൊല്ലുന്നു എന്ന് മാത്രമല്ല, ചാനലിരുന്ന് തട്ടികൊണ്ടുപോയ കള്ളക്കഥകൾ പറഞ്ഞുണ്ടാക്കുന്നു. ഇത്തരത്തിൽ നുണക്കഥകൾ പറഞ്ഞുണ്ടാക്കുന്നു എന്ന് മാത്രമല്ല സൈബർ ഇടങ്ങളിൽ ഇത്തരത്തിലുള്ള കൊലപാതകങ്ങൾ ന്യായീകരിക്കുകയും അതിനെ അനുകൂലിക്കുകയും ചെയ്യുന്നു.
ഈ കൊലപാതകത്തെ ഇതിന് മുൻപ് നടന്ന കൊലപാതകങ്ങളുമായി താരതമ്യം ചെയ്യുകയാണ്. എന്നിട്ട് ഇത് അങ്ങനെയാണ് അതിന് പകരമായിട്ടാണ് ഇത്. നിങ്ങൾ അന്ന് ചെയ്തില്ലേ എന്ന ക്ലീഷേ വാചകങ്ങൾ മാത്രം ഉപയോഗിച്ചു കൊണ്ട് ഈ കൊലപാതകത്തെ മറച്ചുവെക്കുവാൻ കഴിയുമോ?
ഈ കൊലപാതകത്തിൻറെ പ്രത്യേകത ഉച്ചക്ക് പണ്ട്രണ്ടര മണിക്ക് ബൂത്തിലിരുന്ന ഡി.വൈ.എഫ്.ഐയുടെ മേഖലാ ട്രഷറർ ഞങ്ങളിത് ചെയ്യും, ഈ ദിവസം നിങ്ങൾക്ക് മറക്കാനാവാത്ത ദിവസമായിരിക്കും എന്ന് മുൻകൂട്ടി ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും വെക്കുന്നു. വാട്ട്സ്ആപ്പിൽ സ്റ്റാറ്റസ് വെക്കുന്നു, ഫേസ്ബുക്കിൽ സന്ദേശങ്ങൾ ഒഴുക്കി വിടുന്നു. ഈ സമയത്ത് അപലപിക്കാൻ വരുന്ന സി.പി.ഐ.എമ്മിൻറെ നേതാക്കൾ ഉച്ചക്ക് പണ്ട്രണ്ടര മുതൽ രാത്രി എട്ടര വരെ ഈ വിഷയം നടക്കുന്നത് വരെ നിങ്ങളെവിടെ ആയിരുന്നു. നിങ്ങളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നടന്ന ചർച്ചകളുടെ ബാക്കിപത്രമല്ലേ ഒരു ചെറുപ്പക്കാരനെ വെട്ടിനുറുക്കി കൊന്നത്.
എത്ര പേരുടെ ചോരകിട്ടിയാൽ നിങ്ങൾക്ക് കൊതി തീരുക. എല്ലാ ചാനൽ ചർച്ചകളിലും കൊന്ന് കഴിഞ്ഞിട്ട് വരിക വലിയൊരു ലിസ്റ്റുമായിട്ടാണ്. എന്നിട്ട് പറയുക ഞങ്ങളാണ് ഏറ്റവും കൂടുതൽ മരണപ്പെട്ടു പോയതെന്നാണ്. ഇനി എത്ര പേരെ കൊന്നു കഴിഞ്ഞാൽ നിങ്ങളുടെ ബാലൻസ് ഷീറ്റ് ടാലിയാവും. നിങ്ങൾ അത് പൊതുസമൂഹത്തോടു പറയണം, കേരളത്തോടു പറയണം. ഞങ്ങളുടെ കൊലപാതകങ്ങൾ നല്ല കൊലപാതകങ്ങളാണ്, മഹത്വവൽകരിക്കേണ്ട കൊലപാതകങ്ങളാണ് എങ്കിൽ ആ എണ്ണത്തെ കുറിച്ചൊന്നു പറയൂ, ഏതൊരു കൊലപാതകം നടത്തിയിട്ടും ചാനൽ ചർച്ചയിൽ വന്നിട്ട് പറയുകയാണ് ഞങ്ങളുടെ കുറേ പ്രവർത്തകൻമാരെ കൊന്നുകളഞ്ഞിട്ടുണ്ടെന്ന്. 1947 സ്വാതന്ത്രൃം കിട്ടിയത് തൊട്ടുള്ള കണക്കുകളാണ് ഈ പറയുന്നത്. ഇപ്പോൾ നടക്കുന്ന കൊലപാതകങ്ങളെ ഇങ്ങനെ താരതമ്യം ചെയ്യുന്നത് അപമാനകരമാണ്.