അതിര്‍ത്തിയിൽ നിയന്ത്രണ രേഖയിൽ പാക് ഷെല്ലാക്രമണവും വ്യാപക വെടിവയ്പ്പും, ഒരു സൈനികന് വീരമൃത്യു, തിരിച്ചടിച്ച് ഇന്ത്യ

ജമ്മു കശ്മീരിൽ പാക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ സൈനികന് വീരമൃത്യു. പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയിലാണ് സംഭവം.മറ്റൊരു സൈനികന് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.പാക് സൈന്യം പ്രകോപനമില്ലാതെയാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് പ്രതിരോധ വക്താവ് അറിയിച്ചു.മോര്‍ട്ടാര്‍ ഷെല്ലാക്രമണവും വ്യാപക വെടിവയ്പ്പും നടത്തിയതായും ഇതിനെതിരെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചുവെന്നും പ്രതിരോധ വക്താവ് അറിയിച്ചു.
കഴിഞ്ഞ മൂന്ന് ദിവസമായി മാന്‍കോട്ട് മേഖലയെയും കുഗ്രാമങ്ങളെയും ലക്ഷ്യമിട്ട് പാക്കിസ്ഥാന് അക്രമം അഴിച്ചു വിടുകയാണെന്നും സെപ്റ്റംബറില്‍ 46 തവണ പാക് സൈന്യം കരാര്‍ ലംഘിച്ചതെന്നും പ്രതിരോധ വക്താവ് കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ അഞ്ചിന് പാക് സൈന്യം നടത്തിയ വെടിവയ്പ്പില്‍ രജൗരി ജില്ലയിലെ സുന്ദര്‍ബാനി സെക്ടറില്‍ ഒരു സൈനികന് കൊല്ലപ്പെടുകയും മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.