ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാകിസ്താനിലൂടെയുളള വ്യോമപാത വിലക്ക്; പാകിസ്താന്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് 125 കോടി ഇന്ത്യന്‍ രൂപ നഷ്ടം
ഏപ്രിൽ 24 മുതൽ ജൂൺ 20 വരെ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാകിസ്താനിലൂടെയുള്ള വ്യോമപാത അടച്ചതിനെ തുടര്‍ന്ന് പാകിസ്താന്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് (പിഎഎ) 125 കോടി ഇന്ത്യന്‍ രൂപ (400 കോടി പാകിസ്താൻ രൂപ) നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ദേശീയ അസംബ്ലിയില്‍ സമര്‍പ്പിച്ച പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലാണ് വിവരം പുറത്തുവിട്ടത്.
ഈ കാലയളവില്‍ ദിവസേന 100–150 ഇന്ത്യന്‍ വിമാനങ്ങളുടെ സര്‍വീസ് തടസപ്പെട്ടു. ഇതോടെ മൊത്തം വ്യോമഗതാഗതത്തില്‍ 20% ഇടിവുണ്ടായി, ഓവര്‍ ഫ്‌ലൈയിംഗ് ഫീസില്‍ നിന്നുള്ള വരുമാനം വന്‍തോതില്‍ കുറഞ്ഞു. ഏപ്രിൽ 24 മുതല്‍ ജൂണ്‍ 30 വരെയുള്ള നഷ്ടം പ്രധാനമായും ഓവര്‍ ഫ്‌ലൈയിംഗ് ചാര്‍ജ് കുറയുന്നതുകൊണ്ടാണെന്നും, നേരത്തെ റിപ്പോര്‍ട്ട് ചെയ്തതിനെക്കാള്‍ കുറവാണെന്നും ഫെഡറല്‍ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് വ്യക്തമാക്കി.
പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്നുണ്ടായ നയതന്ത്ര തര്‍ക്കങ്ങള്‍ക്കുശേഷം, ഇന്ത്യ ഏപ്രിൽ 23-ന് സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയിരുന്നു. അതിന് പിന്നാലെയാണ് പാകിസ്താന്‍ വ്യോമാതിര്‍ത്തി അടയ്ക്കാനുള്ള തീരുമാനം എടുത്തത്. ഇതിനിടെ, ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാത വിലക്ക് പാകിസ്താന്‍ ഒരു മാസം കൂടി നീട്ടി 2025 ഓഗസ്റ്റ് 24 വരെ നിലനിര്‍ത്തുമെന്ന് അറിയിച്ചു. മറുപടിയായി, പാകിസ്താന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യയിലെ ആഭ്യന്തര വ്യോമാതിര്‍ത്തി പ്രവേശന വിലക്ക് ഇന്ത്യയും ഓഗസ്റ്റ് 23 വരെ നീട്ടി.
Tag: Pakistan Airports Authority loses Rs 125 crore due to airspace ban on Indian flights