പാകിസ്ഥാനും അഫ്ഗാനിസ്ഥാനും വെടിനിർത്തൽ കരാർ; ഖത്തറിന്റെ മധ്യസ്ഥതയിൽ ധാരണ

ഖത്തറിന്റെ മധ്യസ്ഥതയിൽ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷത്തിൽ വെടിനിർത്തലിന് ധാരണയായി. 48 ദിവസമായി വെടിനിർത്തൽ നിലനിൽക്കെ ഇരുരാജ്യങ്ങളും പരസ്പരം ആക്രമണം തുടരുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഖത്തർ ഇടപെട്ട് പുതിയ വെടിനിർത്തൽ കരാറിൽ ഇരുരാജ്യങ്ങളെയും എത്തിച്ചത്.
സമാധാനം പുനഃസ്ഥാപിക്കാൻ ഇരുരാജ്യങ്ങളും ചേർന്ന് പ്രവർത്തിക്കുമെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയം അറിയിച്ചു. സ്ഥിരമായ സമാധാനവും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനുള്ള ചർച്ചകൾ അടുത്ത ദിവസങ്ങളിലും തുടരുമെന്നും ഖത്തർ വ്യക്തമാക്കി. ചർച്ചകളിൽ പാക് ആഭ്യന്തരമന്ത്രി ഖ്വാജ ആസിഫ്, ഇന്റലിജൻസ് മേധാവി ജനറൽ അസിം മാലിക്, താലിബാൻ പ്രതിരോധമന്ത്രി മുല്ലാഹ് മുഹമ്മദ് യാക്കൂബ് എന്നിവർ പങ്കെടുത്തു.
മുൻപ് പ്രഖ്യാപിച്ച 48 മണിക്കൂർ വെടിനിർത്തൽ കാലയളവിൽ പാകിസ്താൻ കരാർ ലംഘിച്ച് ആക്രമണം നടത്തിയതായി അഫ്ഗാനിസ്ഥാൻ ആരോപിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടതും സ്ഥിതിഗതികൾ വഷളാക്കുകയായിരുന്നു. സൗഹൃദമത്സരം കഴിഞ്ഞ് മടങ്ങിയ താരങ്ങൾ ഉർഗൂൻ ജില്ലയിൽ ഒത്തുകൂടിയിരിക്കുമ്പോഴാണ് ആക്രമണം നടന്നത്.
അടുത്തിടെയായി നടന്ന അതിർത്തി സംഘർഷങ്ങളിൽ നൂറിലധികം സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ രൂക്ഷമായ സാഹചര്യത്തിലാണ് ഇരുരാജ്യങ്ങളും വീണ്ടും വെടിനിർത്തലിൽ എത്തിയത്. താലിബാൻ വിദേശകാര്യമന്ത്രി അമീർ മുത്തഖി ഇന്ത്യ സന്ദർശിച്ചതിന് തൊട്ടുപിന്നാലെ കാബൂളിൽ ഉണ്ടായ സ്ഫോടനങ്ങളാണ് പുതിയ സംഘർഷത്തിന് തുടക്കമായത്. തുടർന്ന് അഫ്ഗാൻ സേന പാക് അതിർത്തിയിലെ ചില സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തതായി അവകാശപ്പെട്ടു. എന്നാൽ അഫ്ഗാൻ ആക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്നാരോപിച്ച് പാകിസ്താൻ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
Tag: Pakistan and Afghanistan reach ceasefire agreement; Qatar mediates