ഇന്ത്യയ്‌ക്കെതിരെ പാക് സൈനിക മേധാവിയുടെ ഭീഷണി: റിലയന്‍സ് ശുദ്ധീകരണശാല ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്നും മുന്നറിയിപ്പ്
ഇന്ത്യയ്‌ക്കെതിരായ പ്രകോപനപരമായ പ്രസ്താവനകള്‍ തുടരുന്നതിനിടെ, ഗുജറാത്തിലെ റിലയന്‍സിന്റെ ജാംനഗര്‍ എണ്ണശുദ്ധീകരണശാലയ്ക്കുനേരെ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി പാക് സൈനിക മേധാവി അസിം മുനീര്‍ ഉന്നയിച്ചു.
ഫ്‌ളോറിഡയിലെ ടാമ്പയില്‍ അമേരിക്കന്‍ പാകിസ്താനികള്‍ സംഘടിപ്പിച്ച അത്താഴവിരുന്നിലാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. ഭാവിയില്‍ ഇന്ത്യയുമായി സൈനിക ഏറ്റുമുട്ടല്‍ ഉണ്ടായാല്‍ “പാകിസ്താന്‍ എന്ത് ചെയ്യാന്‍ കഴിയും” എന്ന് കാണിച്ചുതരാന്‍ താന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് മുനീര്‍ പറഞ്ഞു. മുകേഷ് അംബാനിയുടെ പേരും സൂചിപ്പിച്ചുകൊണ്ടായിരുന്നു ഈ ഭീഷണി.
മുൻപ് യുഎസ് സന്ദര്‍ശനത്തിനിടെ, പാകിസ്താന്‍ ഇല്ലാതാകുമെന്ന ഭീഷണി ഉയര്‍ന്നാല്‍ ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. “ഞങ്ങള്‍ ആണവ രാഷ്ട്രമാണ്. ഇല്ലാതാകുമെന്നു തോന്നിയാല്‍ ലോകത്തിന്റെ പകുതിയെ കൂടി കൊണ്ടുപോകും,” എന്നാണ് അദ്ദേഹം പറഞ്ഞത്.
സിന്ധു നദീജല കരാര്‍ റദ്ദാക്കാനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെയും മുനീര്‍ കടുത്ത നിലപാട് സ്വീകരിച്ചു. ഇന്ത്യ സിന്ധു നദിയില്‍ അണക്കെട്ട് പണിതാല്‍ അത് 10 മിസൈലുകള്‍ കൊണ്ട് തകര്‍ക്കുമെന്നും, “സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബസ്വത്തല്ല” എന്നും അദ്ദേഹം പ്രസ്താവിച്ചു. യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇന്ത്യയുമായി നാലുദിവസം നീണ്ടുനിന്ന സംഘര്‍ഷത്തിന് പിന്നാലെ, കഴിഞ്ഞ രണ്ടു മാസത്തിനിടെ മുനീര്‍ രണ്ടാം തവണയാണ് യുഎസ് സന്ദര്‍ശിക്കുന്നത്. ഇന്ത്യയെ ഫെരാരിയോടും പാകിസ്താനെ ഡംപ് ട്രക്കിനോടും താരതമ്യം ചെയ്ത അദ്ദേഹം, “ട്രക്ക് കാറില്‍ ഇടിച്ചാല്‍ ആരാണ് തകര്‍ക്കപ്പെടുക” എന്ന ചോദ്യവും ഉയർത്തി. കാനഡയിലെ സിഖ് നേതാവിന്റെ കൊലപാതകം, ഖത്തറില്‍ എട്ട് ഇന്ത്യന്‍ നാവികരുടെ അറസ്റ്റ്, കുല്‍ഭൂഷണ്‍ യാദവ് കേസ് തുടങ്ങി ഇന്ത്യയെ തീവ്രവാദത്തില്‍ പങ്കാളിയാണെന്ന് ആരോപിച്ചും മുനീര്‍ പ്രസംഗം അവസാനിപ്പിച്ചു.
Tag: Pakistan Army Chief’s threat against India: Warning that Reliance refinery will be targeted for attack