ചൈനീസ് കമ്പനിക്ക് പാക്കിസ്ഥാന്റെ വിലക്ക്
ഇസ്ലാമാബാദ്: ചൈനീസ് കമ്പനിയെ പാക്കിസ്ഥാന്‍ വിലക്കി. വ്യാജരേഖകള്‍ കാട്ടി ലേലത്തില്‍ പങ്കെടുത്തതിനാണ് വിലക്കേര്‍പ്പെടുത്തിയത്. പാകിസ്ഥാനിലെ നാഷണല്‍ ട്രാന്‍സ്മിഷന്‍ ആന്‍ഡ് ഡെസ്പാച്ച് കമ്പനിയാണ് ചൈനീസ് സ്ഥാപനത്തെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഒപ്പം ഒരു മാസത്തേക്ക് എല്ലാ ടെന്‍ഡറുകളിലും മറ്റ് ക്രയവിക്രയങ്ങളിലും പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു.
ഊര്‍ജ മന്ത്രാലയത്തിന്റെ കീഴില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് നാഷണല്‍ ട്രാന്‍സ്മിഷന്‍ ആന്‍ഡ് ഡെസ്പാച്ച് കമ്പനി. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയെങ്കിലും വ്യാജ രേഖകള്‍ നല്‍കിയ കമ്പനിയുടെ പേരും മറ്റ് വിവരങ്ങളും വ്യക്തമാക്കിയിട്ടില്ല.
വിലക്കിയ ഉത്തരവിന്റെ പകര്‍പ്പ് എന്‍ടിഡിസി മാനേജിംഗ് ഡയറക്ടര്‍, വാട്ടര്‍ ആന്‍ഡ് പവര്‍ ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി, പാകിസ്ഥാന്‍ എഞ്ചിനീയറിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍മാര്‍, നാഷണല്‍ എഞ്ചിനീയറിംഗ് സര്‍വീസസ് പാകിസ്ഥാന്‍, പബ്ലിക് പ്രൊക്യുര്‍മെന്റ് റെഗുലേറ്ററി അതോറിറ്റി, സെന്‍ട്രല്‍ പവര്‍ പര്‍ച്ചേസിംഗ് ഏജന്‍സി എന്നിവര്‍ക്ക് നല്‍കിയിട്ടുണ്ട്. കൂടാതെ എല്ലാ വൈദ്യുതി വിതരണ കമ്പനികളുടെ സിഇഒമാര്‍ക്കും ഇതുമായി ബന്ധപ്പെട്ട രേഖകള്‍ അയച്ചിട്ടുണ്ട്.