അഫ്ഗാനിസ്ഥാന്‍ ഇന്ത്യയുടെ ഉപകരണമായി പ്രവര്‍ത്തിക്കുന്നുവെന്ന് പാക് പ്രതിരോധമന്ത്രി

അഫ്ഗാനിസ്ഥാനുമായുള്ള സമാധാന ചര്‍ച്ച പരാജയപ്പെട്ടതിന് ഇന്ത്യയ്ക്ക് നേരെ ആരോപണവുമായി പാകിസ്ഥാന്‍. അഫ്ഗാനിസ്ഥാന്‍ ഇന്ത്യയുടെ ഉപകരണമായി പ്രവര്‍ത്തിക്കുകയാണെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് കുറ്റപ്പെടുത്തി. സമാധാനക്കരാറിന് തൊട്ടടുത്തെത്തിയിരുന്നതാണ്. എന്നാല്‍ കാബുളില്‍ നിന്നുള്ള ഇടപെടലാണ് കരാറില്‍ എത്തിച്ചേരുന്നതിനെ അവസാന നിമിഷം അട്ടിമറിച്ചതെന്ന് പാക് പ്രതിരോധമന്ത്രി ജിയോ ന്യൂസിനോട് പറഞ്ഞു.
സമാധാന ചര്‍ച്ചകളില്‍ ധാരണയിലെത്തി, താലിബാന്റെ പ്രതിനിധികള്‍ ഇക്കാര്യം അറിയിക്കുമ്പോള്‍, കാബൂളില്‍ നിന്നും ഇടപെടലുകള്‍ ഉണ്ടാകുകയും ചര്‍ച്ചയില്‍ നിന്നും പിന്മാറുകയുമാണ് ഉണ്ടായത്. നാലോ അഞ്ചോ വട്ടമാണ് ഇത്തരത്തില്‍ പിന്മാറ്റമുണ്ടായത്. ചര്‍ച്ചകളെല്ലാം കാബൂളില്‍ നിന്നും അട്ടിമറിക്കുകയായിരുന്നു. ഇതിനെല്ലാം പിന്നില്‍ ചരടുവലിക്കുന്നത് ഇന്ത്യയാണ്. താലിബാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും, തങ്ങള്‍ക്കെതിരെ നിഴല്‍യുദ്ധം നടത്താന്‍ അഫ്ഗാനെ ഇന്ത്യ ഉപയോഗിക്കുകയാണെന്നും പാക് പ്രതിരോധമന്ത്രി ആരോപിച്ചു.
പടിഞ്ഞാറന്‍ അതിര്‍ത്തിയിലേറ്റ പരാജയത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ന്യൂഡല്‍ഹി അഫ്ഗാനെ ഉപയോഗിക്കുന്നത്. പാകിസ്ഥാനുമായി തീവ്രത കുറഞ്ഞ യുദ്ധത്തിനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. അതിനായി കാബൂളിനെ ഉപയോഗിക്കുകയാണ്. പാകിസ്ഥാനു നേര്‍ക്ക് നോക്കിയാല്‍ അഫ്ഗാനിസ്ഥാന്റെ കണ്ണു ചൂഴ്‌ന്നെടുക്കുമെന്നും പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷമായി അഫ്ഗാന്‍ പാകിസ്ഥാനു നേരെ ഭീകരരെ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണെന്നും ഖ്വാജ മുഹമ്മദ് ആസിഫ് കുറ്റപ്പെടുത്തി.
ഈ മാസമാദ്യം പാകിസ്ഥാന്‍ അഫ്ഗാന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതോടെയാണ് മേഖലയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. തുടര്‍ന്ന് കാബൂളും തിരിച്ചടിച്ചു. അഫ്ഗാന്‍- പാകിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ തുര്‍ക്കിയും ഖത്തറും മധ്യസ്ഥത വഹിച്ചതോടെയാണ് സമാധാന ചര്‍ച്ചകള്‍ നടന്നത്. ഒക്ടോബര്‍ 17 ന് ആരംഭിച്ച ഏറ്റവും പുതിയ ചര്‍ച്ചകള്‍ വ്യക്തമായ പുരോഗതിയില്ലാതെയാണ് ഇപ്പോള്‍ അവസാനിച്ചിരിക്കുന്നത്.
Tag: Pakistan Defense Minister says Afghanistan is acting as a tool of India



