ലഹരിമരുന്ന് കടത്തുന്ന പാക് പൗരന് പങ്കാളിത്തം എല്‍ടിടിഇയുമായി
കൊച്ചി: ഏതാനും വര്‍ഷമായി പാക് പൗരന്‍ എല്‍ടിടിഇയുമായി ചേര്‍ന്ന് ലഹരിമരുന്ന് കടത്തുന്നതായി എന്‍ഐഎ. ലഹരിമരുന്ന് കടത്തുന്ന ഹാജി സലിമിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഇന്റര്‍പോളിനെ സമീപിച്ചിരിക്കുകയാണ് നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി. വിഴിഞ്ഞം കടല്‍ വഴിയുള്ള ലഹരിമരുന്ന് കടത്ത് പിടികൂടിയ ശേഷമാണ് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ശൃംഖലയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നതെന്ന് തിരിച്ചറിഞ്ഞത്.
എല്‍ടിടിഇയുമായി കൈകോര്‍ത്താണ് ഈ സംഘം ദുബായ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് കടത്തിന് ഗൂഢാലോചന നടത്തുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പിടികൂടുന്ന ലഹരിമരുന്ന് നിറച്ച മീന്‍പിടുത്ത ബോട്ടിലെ പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ എല്ലാ കടത്തുകള്‍ക്ക് പിന്നിലും ഹാജി സലിം എന്നയാളുടെ സാന്നിധ്യമുണ്ടെന്ന് തിരിച്ചറിഞ്ഞത്. വിഴിഞ്ഞത്ത് 2021 മാര്‍ച്ച്- ഏപ്രിലില്‍ പിടികൂടിയ മൂന്ന് മത്സ്യബന്ധനബോട്ടുകളിലെ വന്‍ ലഹരിവേട്ടയ്ക്ക് പിന്നിലും ഹാജി സലിമിന്റെ കരങ്ങളുണ്ടെന്ന് എന്‍സിബി മനസിലാക്കി. ഹാജി സലിം ഗൂഢാലോചനകള്‍ക്കായി പതിവായി ദുബായില്‍ എത്തുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്റര്‍പോളിന്റെ സഹായത്തോടെ ഇയാളെ പിടികൂടാന്‍ കരുക്കള്‍ നീക്കുന്നത്. 2021ല്‍ ഇന്ത്യന്‍ മഹാസുദ്രം വഴി വന്‍തോതില്‍ ലഹരിക്കടത്ത് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. എല്‍ടിടിഇയിലെ ചില മുന്‍ നേതാക്കളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്ക് സഹായത്തിന് ശ്രീലങ്കയിലെ ജയിലില്‍ കഴിയുന്ന പാക് പൗരന്മാരുമുണ്ട്. ഉയിര്‍ത്തെഴുന്നേല്‍പിന് ശ്രമിക്കുന്ന എല്‍ടിടിഇ അതിനുള്ള പണം സ്വരൂപിക്കാനാണ് ലഹരിക്കടത്തില്‍ പങ്കാളികളാവുന്നത്.
കഴിഞ്ഞ കുറെ മാസങ്ങളായി ഹാജി സലിമിന്റെ ശൃംഖലകളുമായി ആയുധവും ലഹരിമരുന്നും ഇറക്കാന്‍ എല്‍ടിടിഇ ശ്രമിച്ചുവരികയാണ്. ശ്രീലങ്കയുമായി ഒപ്പുവച്ച കരാര്‍ പ്രകാരം എല്‍ടിടിഇ സംഘങ്ങളുടെ വിശദാംശങ്ങള്‍ ശേഖരിച്ചുവരികയാണ്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഹാജി സലിമിനെ പിടികൂടാന്‍ ഉടനെ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കാന്‍ എന്‍ഐഎ ഇന്റര്‍പോള്‍ സഹായം തേടുന്നത്.