ഡല്‍ഹിയില്‍ പാക് ഭീകരന്‍ പിടിയില്‍; എന്‍ഐഎ രാജ്യവ്യാപകമായി തിരച്ചില്‍ ഊര്‍ജിതമാക്കി
ന്യൂഡല്‍ഹി: വ്യാജ തിരിച്ചറിയില്‍ രേഖ ഉപയോഗിച്ച് താമസിക്കുകയായിരുന്ന പാക് ഭീകരനെ ഡല്‍ഹിയില്‍ പിടികൂടി. ലക്ഷ്മി നഗറിലെ രമേഷ് പാര്‍ക്കിനടുത്ത് താമസിച്ചിരുന്ന ഇയാളെ ഡല്‍ഹി പോലീസ് സ്‌പെഷല്‍ സെല്ലാണ് പിടികൂടിയത്. ഗ്രാനേഡുകളും എകെ 47 തോക്കുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. നവരാത്രിയോടനുബന്ധിച്ച് സ്‌ഫോടനം നടത്താനായിരുന്നു പദ്ധതി. ഇതോടെ രാജ്യവ്യാപകമായി റെയ്ഡ് നടത്തുകയാണ് എന്‍ഐഎ.
ഉത്തരേന്ത്യയില്‍ 18 സംസ്ഥാനങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. ഡല്‍ഹി, യുപി, കശ്മീര്‍ എന്നിവിടങ്ങളില്‍ ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നവരെയും എന്‍ഐഎ നോട്ടമിട്ടിട്ടുണ്ട്. ലഷ്‌കര്‍ ഇ ത്വയ്ബ, ജയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നീ സംഘടനകള്‍ക്കാണ് പ്രധാനമായും സാമ്പത്തിക സഹായം ലഭിക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലും എന്‍ഐഎ മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ നടത്തുകയാണ്. കേരളത്തില്‍ തൃശൂര്‍, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളിലും തമിഴ്‌നാട്ടില്‍ കോയമ്പത്തൂര്‍, പുളിയങ്കുളം, സുങ്കം, പൊള്ളാച്ചി എന്നിവിടങ്ങളിലുമാണ് റെയ്ഡ് പുരോഗമിക്കുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കശ്മീരില്‍ ഭീകരാക്രമണം വര്‍ധിച്ച് വരികയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് റെയ്ഡ്. ആളുകളെ തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിലും പുതിയ രീതിയാണ് വിവിധ സംഘടനകള്‍ ഇപ്പോള്‍ സ്വീകരിച്ച് വരുന്നത്.
ഒരാളെ സ്ഥരമായി റിക്രൂട്ട് ചെയ്ത് സായുധ പരിശീലനം നല്‍കുന്നതിന് പകരം ആളുകളെ തിരഞ്ഞെടുത്ത് പ്രത്യേക ഓപ്പറേഷനുകള്‍ക്ക് മാത്രമായി ഉപയോഗിക്കുകയാണ്. കൃത്യം നിര്‍വഹിച്ച് കഴിഞ്ഞാല്‍ ഇവരില്‍ നിന്ന് ആയുധങ്ങള്‍ മടക്കി വാങ്ങി പറഞ്ഞുവിടുകയാണ് രീതി.