സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിയതോടെ പാകിസ്താനിൽ കാർഷിക പ്രതിസന്ധി രൂക്ഷം

ഇന്ത്യ സിന്ധു നദീജല കരാർ താൽക്കാലികമായി മരവിപ്പിച്ചതിനെത്തുടർന്ന് പാകിസ്താൻ വൻ കാർഷിക പ്രതിസന്ധിയിലായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. രാജ്യത്തെ മൊത്തം കൃഷിയുടെ 80 ശതമാനവും നാശത്തിന്റെ വക്കിൽ ആണെന്ന് പുറത്തുവന്ന വിവരങ്ങൾ സൂചിപ്പിക്കുന്നു.
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസിന്റെ 2025-ലെ പരിസ്ഥിതി ആഘാത റിപ്പോർട്ട് പ്രകാരം, സിന്ധു നദിയിൽ പാകിസ്താനിലെ അണക്കെട്ടുകൾക്ക് ഇപ്പോൾ 30 ദിവസത്തെ ജലം മാത്രം സംഭരിക്കാൻ കഴിയും. പാകിസ്താനിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങൾ കടുത്ത ജലക്ഷാമം നേരിടേണ്ടി വരുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ജമ്മു കശ്മീരിലെ പഹൽഗാമിൽ ഏപ്രിൽ 22-ന് നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിച്ചത്. ഇതിന് പിന്നാലെ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ ജലക്ഷാമം രൂക്ഷമായതായും നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഏഷ്യയിലെ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ഏക അതിർത്തി കടന്നുള്ള ജലപങ്കിടൽ കരാറാണ് സിന്ധു നദീജല കരാർ. 1960 സെപ്റ്റംബർ 19-ന് കറാച്ചിയിൽ ഒപ്പുവെച്ച ഈ കരാർ, ഒമ്പത് വർഷം നീണ്ട ചർച്ചകൾക്ക് ശേഷമാണ് രൂപംകൊണ്ടത്. 2001-ലെ പാർലമെന്റ് ആക്രമണവും 2019-ലെ പുല്‍വാമ ആക്രമണവും ഉൾപ്പെടെ നിരവധി ഭീകരാക്രമണങ്ങൾക്കുശേഷവും ഇന്ത്യ കരാറിൽ നിന്ന് പിന്മാറിയിരുന്നില്ല. എന്നാൽ, പഹൽഗാമിലെ രക്തരൂക്ഷിത ആക്രമണത്തിന് ശേഷം ഇന്ത്യ നയതന്ത്രതലത്തിൽ കഠിന നിലപാട് സ്വീകരിച്ച് കരാർ താൽക്കാലികമായി നിർത്തുകയായിരുന്നു.
Tag: Pakistan’s agricultural crisis deepens as Indus Water Treaty suspended



