പാലക്കാട് ജില്ലയിൽ ചന്തകളിലും നഗരസഭകളിലും ആൻറിജൻ ടെസ്റ്റ് നടത്തുന്നു.

പാലക്കാട് ജില്ലയിൽ രോഗവ്യാപനം ഉണ്ടോയെന്നു പരിശോധിക്കാൻ ബുധനാഴ്ച മുതൽ മൂന്ന് ദിവസങ്ങളിലായി വലിയങ്ങാടി ഉൾപ്പെടെയുള്ള ചന്തകളിലും നഗരസഭകളിലും വ്യാപകമായി ആൻറിജൻ ടെസ്റ്റ് നടത്തുമെന്ന് ഡിഎംഒ ഡോ. കെ പി റീത്ത അറിയിച്ചു. മൂന്നു ദിവസങ്ങളിലായാണ് പരിശോധന നടത്തുക. ലോറി ഡ്രൈവേഴ്സ്, ട്രക്ക് ഡ്രൈവേഴ്സ്, സെക്യൂരിറ്റി ജീവനക്കാർ, കച്ചവടക്കാർ ഉൾപ്പെടെയുള്ളവരിൽ റാൻഡം പരിശോധന നടത്തും. മേലാമുറിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലായിരിക്കും പരിശോധന നടത്തുക.
നഗരസഭകളിലെ തിരക്കുള്ള പ്രദേശങ്ങളിലും വാണിയംകുളം,കുഴൽമന്ദം തുടങ്ങിയ പ്രദേശങ്ങളിലെ ചന്തകളിലും വരും ദിവസങ്ങളിൽ പരിശോധന നടത്തും.ജില്ലാ കലക്ടർ ഡി. ബാലമുരളിയുടെ അധ്യക്ഷതയിൽ ബ്ലോക്ക് തലത്തിലും താലൂക്ക് തലത്തിലുമുള്ള മെഡിക്കൽ ഓഫീസർമാരുടെ യോഗത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്താനുളള തീരുമാനം. പാലക്കാട് മുനിസിപ്പാലിറ്റി ഹെൽത്ത് വിങ്ങുമായി ഡിഎംഒ യുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം യോഗം നടത്തുകയും ആൻറിജൻ പരിശോധന നടത്താൻ തീരുമാനം എടുക്കുകയും ചെയ്തിരുന്നു. ആൻറിജൻ ടെസ്റ്റിനുള്ള കിറ്റുകൾ പാലക്കാട് ജില്ലയ്ക്ക് ലഭ്യമായി തുടങ്ങിയ സാഹചര്യത്തിലാണ് പരിശോധന നടത്താനുള്ള തീരുമാനം ഉണ്ടായത്. കഴിഞ്ഞ ദിവസം പെരുമാട്ടി, എലപ്പുളളി കേന്ദ്രീകരിച്ചും ലേബർ ക്യാംപുകളിലും അതിഥി തൊഴിലാളികൾക്കിടയിൽ ആൻ്റിജൻ ടെസ്റ്റുകൾ ചെയ്തിരുന്നു.
50 -തോളം പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ആ പരിശോധനാഫലങ്ങൾ നെഗറ്റീവ് ആണ്. മുട്ടികുളങ്ങര എ ആർ പി ക്യാമ്പിൽ ചൊവ്വാഴ്ച ആൻറിജൻ ടെസ്റ്റ് എ ആർ പി ട്രെയിനിങ് ആരംഭിക്കുന്നതിനു മുന്നോടിയായി നടത്തും. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 258 ഓളം പേർ ട്രെയിനിങ്ങിൽ പങ്കെടുക്കുന്നുണ്ട്. കോവിഡിന്റെ സാഹചര്യത്തിൽ നിർത്തിവെച്ച പരിശീലനമാണ് പുനരാരംഭിക്കുന്നത്.
രോഗ സ്ഥിരീകരണം കൂടിവരുന്ന സാഹചര്യത്തിൽ പെരിങ്ങോട്ടുകുറിശ്ശിയിലെ മോഡൽ റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റൽ കോവിഡ് പരിശോധനാ കേന്ദ്രമായി തിരഞ്ഞെടുത്തതായും സജ്ജീകരണങ്ങൾ നടത്തിവരുന്നതായും ഡി.എം.ഒ അറിയിച്ചു. 300 കിടക്കകൾ ആണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കൂടുതൽ രോഗബാധിതർ വരികയാണെങ്കിൽ അടുത്ത ദിവസം മുതൽ ഇവിടെ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങും. കൂടാതെ കഞ്ചിക്കോട് കിൻഫ്ര യിലും നിർമ്മിതിയുടെ നേതൃത്വത്തിൽ ഇത്തരത്തിൽ സജ്ജീകരണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്.ഓഗസ്റ്റ് ആദ്യ ആഴ്ചയോടെ പ്രവർത്തനങ്ങൾ പൂർത്തിയാകും.മറ്റ് താലൂക്കുകളിൽ കോവിഡ് കേന്ദ്രങ്ങൾ ആകാവുന്ന സ്ഥലങ്ങൾ കണ്ടെത്തി വരികയാണെന്നും ഡി.എം.ഒ പറഞ്ഞു.