പട്ടാമ്പിയിൽ റാപ്പിഡ് റെസ്‌പോണ്‍സ് ടീം: 5778 വീടുകളില്‍ സര്‍വ്വെ നടത്തി, നാല് പേര്‍ക്ക് കോവിഡ് പോസിറ്റീവ്.

പാലക്കാട് ജില്ലയിലെ പട്ടാമ്പി മുനിസിപ്പാലിറ്റി പരിധിയില്‍ കൂടുതല്‍ കോവിഡ് രോഗ ബാധിതരെ കണ്ടെത്താനുള്ള അടിയന്തിര ശ്രമത്തിന്റെ ഭാഗമായി ഇതുവരെ 5778 വീടുകളില്‍ സര്‍വ്വെ നടത്തി. നഗരസഭാ പരിധിയിലെ 7000 ത്തോളം വീടുകളില്‍ സര്‍വ്വെ നടത്തി രോഗലക്ഷണമുള്ളവരെ കണ്ടെത്തി ടെസ്റ്റ് നടത്തും. രോഗലക്ഷണങ്ങളുള്ള 93 പേരെ മെഡിക്കല്‍ ക്യാമ്പിലേയ്ക്ക് മാറ്റുകയും അതില്‍ 46 പേര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്തുകയും ചെയ്തു. ഇതില്‍ നാല് കേസുകള്‍ പോസിറ്റീവ് കേസുകൾ കണ്ടെത്തിയെന്ന് കണ്ടെയ്ന്‍മെന്റ് കണ്‍ട്രോള്‍ സെല്‍ നോഡല്‍ ഓഫീസര്‍ ഡോ.സിദ്ദിഖ് അറിയിച്ചു. രോഗം സ്ഥരീകരിച്ച് നാല് പേരെ മാങ്ങോട് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് കേന്ദ്രത്തിലേക്ക് മാറ്റി. മറ്റുള്ളവര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.
സര്‍വ്വെയുടെ ഭാഗമായി കണ്ടെയ്ന്‍മെന്റ് കണ്‍ട്രോള്‍ സെല്‍ നോഡല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍.ആര്‍.ടി) സന്ദര്‍ശിക്കുന്ന വീടുകളില്‍ ജലദോഷം, ചുമ, തുമ്മല്‍, പനി തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവരെയാണ് മെഡിക്കല്‍ ക്യാമ്പിലെത്തിച്ച് ആന്റിജന്‍ ടെസ്റ്റ് നടത്തുന്നത്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരെയും ചില ഘട്ടങ്ങളില്‍ ടെസ്റ്റിന് വിധേയമാക്കുന്നുണ്ട്.