പാലക്കാട് പൊതുവാപ്പാടത്ത് വനംവകുപ്പിന്റെ കെണിയിൽ പുള്ളിപ്പുലി കുടുങ്ങി.

പാലക്കാട് / പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് പൊതുവാപ്പാടത്ത് വനംവകുപ്പ് വെച്ച കെണിയിൽ പുള്ളിപ്പുലി കുടുങ്ങി. പൊതുവാപ്പാടത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടർന്ന് മൂന്ന് ദിവസം മുൻപാണ് വനംവകുപ്പ് കെണി സ്ഥാപിച്ചത്. തിങ്കളാഴ്ച പുലർച്ചെയാണ് നാല് വയസുള്ള പുലി കെണിയിൽ കുടുങ്ങുന്നത്. മേക്കളപ്പാറ, പൊതുവാപ്പാടം, കണ്ടമംഗലം പ്രദേശത്ത് ഏറെ നാളുകളായി ശല്യമുണ്ടാക്കിവരുകയായിരുന്ന പുലി നിരവധി ആടുകളെയും വളർത്തുനായ്ക്കളെയും ഇതിനകം വകവരുത്തി ആഹാരമാക്കി. പ്രദേശത്തെ റബർ ടാപ്പിംഗ് തൊഴിലാളികളും പുലിയെ കണ്ടതിടെ ടാപ്പിങ്ങിനു പോകാതെയായി. ഇതോടെയാണ് വനംവകുപ്പ് കെണിയൊരുക്കിയത്. നായയെ കൂട്ടിൽ കെട്ടിയായിരുന്നു കെണി. പുലിയെ മണ്ണാർക്കാട് ഡിഎഫ്ഒ ഓഫീസ് പരിസരത്തേക്ക് മാറ്റി. വിദഗ്ധ പരിശോധനയ്ക്ക് ശേഷം പുലിയെ ഉൾവനത്തിൽ തുറന്നുവിടും. എന്നാൽ പ്രദേശത്ത് കണ്ട പുലിയല്ല കെണിയിൽ വീണതെന്നാണ് നാട്ടുകാർ ഇപ്പോൾ പറയുന്നത്.