പാലക്കാട് യുവതി ഭർത്തൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ
പാലക്കാട് പുതുപ്പരിയാരത്ത് യുവതി ഭർത്തൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. മാട്ടുമന്ദ ചോളോട് സ്വദേശി, 29 കാരിയായ മീരയാണ് മരിച്ചത്. ഭർത്താവിന്റെ മർദനമാണ് മരണത്തിന് പിന്നിലെന്നാരോപിച്ച് ബന്ധുക്കൾ മുന്നോട്ട് വന്നു.
മീര ഇന്നലെ തന്നെ ഭർത്താവിന്റെ മർദനത്തെക്കുറിച്ച് പറഞ്ഞ് മാതാപിതാക്കളുടെ വീട്ടിലെത്തിയിരുന്നു. പൊലീസ് സ്റ്റേഷനിൽ പരാതി നൽകണമെന്ന് വീട്ടുകാർ പറഞ്ഞെങ്കിലും, രാത്രി ഭർത്താവ് അനൂപ് യുവതിയെ തിരിച്ചുകൊണ്ടുപോയതായാണ് ബന്ധുക്കളുടെ ആരോപണം. ഇന്ന് രാവിലെ ഹേമാംബിക നഗർ പൊലീസ് മീരയുടെ മരണവിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
പുതുപ്പരിയാരം സ്വദേശിയായ അനൂപുമായുള്ള മീരയുടെ വിവാഹം രണ്ടാം വിവാഹമായിരുന്നു. ഒരു വർഷം മുൻപാണ് വിവാഹം നടന്നത്. വിവാഹത്തിനുശേഷം ഭർത്താവിന്റെ മർദനം പതിവായിരുന്നുവെന്നായിരുന്നു മീര കുടുംബത്തോട് പറഞ്ഞിരുന്നതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. മരണകാരണം വ്യക്തമാകാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വരെ കാത്തിരിക്കണമെന്ന നിലപാടിലാണ് പൊലീസ്.
Tag: Palakkad woman found hanging in husband’s house