ജയലളിതയുടെ മരണം : കരുണാനിധിയെയും സ്റ്റാലിനെയും കുറ്റപ്പെടുത്തി പളനിസ്വാമി

ചെന്നൈ: മുന്‍ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായിരുന്ന ജയലളിതയുടെ മരണത്തില്‍ ഡി.എം.കെ നേതാക്കളായ എം. കരുണാനിധിയെയും എം .കെ സ്റ്റാലിനെയും കുറ്റപ്പെടുത്തി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി. ജയലളിതയുടെ മരണം അന്വേഷിക്കുന്ന അറുമുഗസാമി കമീഷന്‍റെ പ്രവര്‍ത്തനം വേഗത്തിലാക്കുമെന്ന എം.കെ. സ്റ്റാലിന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പളനിസ്വാമി.
‘അനധികൃത സ്വത്ത് സമ്ബാദന കേസില്‍ ജയലളിതയെ 2015ല്‍ കോടതി കുറ്റവിമുക്തയാക്കിയിരുന്നു. എന്നിട്ടും വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് ഡി.എം.കെ അവരെ ദ്രോഹിച്ച് വിഷാദത്തിലേക്ക് തള്ളിവിട്ടു.
അമ്മയുടെ മരണത്തിന് ഡി.എം.കെ ഉത്തരവാദിയാണ്. ദൈവം തീര്‍ച്ചയായും കരുണാനിധിയെയും സ്റ്റാലിനെയും ശിക്ഷിക്കും. ആരാണ് ഉത്തരവാദിയെന്ന് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അറിയാം. അമ്മയുടെ ആത്മാവ് തീര്‍ച്ചയായും അവരെ ശിക്ഷിക്കും. ഉചിതമായ ചികിത്സ ലഭിക്കാതെയാണ് അവര്‍ അന്തരിച്ചത്. കരുണാനിധിയും സ്റ്റാലിനും മാത്രമാണ് മരണത്തിന് ഉത്തരവാദികള്‍’ -പളനിസ്വാമി ആരോപിച്ചു .2016 ഡിസംബര്‍ അഞ്ചിന് തന്‍റെ 68ാം വയസ്സിലാണ് ജയലളിത വിട വാങ്ങിയത് .