പാലാരിവട്ടം മേല്‍പ്പാലം തിങ്കളാഴ്ച പൊളിച്ചുതുടങ്ങും ; ഗതാഗതത്തെ ബാധിക്കില്ല

കൊച്ചി: നിര്‍മാണ തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് പുതുക്കിപ്പണിയാന്‍ നിശ്ചയിച്ച പാലാരിവട്ടം മേല്‍പ്പാലം തിങ്കളാഴ്ച പൊളിച്ചുതുടങ്ങും. ഗതാഗതത്തെ ബാധിക്കാത്ത വിധത്തില്‍ പാലം പൊളിച്ചുമാറ്റുമെന്നാണ് അധികൃതരുടെ അവകാശവാദം. എട്ടു മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കാനാവുമെന്ന്, മേല്‍നോട്ട ചുമതലയുള്ള ഡിഎംആര്‍സി പ്രതീക്ഷ പ്രകടിപ്പിച്ചു.
ഡിഎംആര്‍സിയുടെയും നിര്‍മാണം നടത്തുന്ന ഊരാളുങ്കല്‍ സൊസൈറ്റിയുടെയും പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ് തിങ്കളാഴ്ച പാലം പൊളിച്ചു തുടങ്ങാന്‍ തീരുമാനമായത്. പാലം പൊളിക്കുന്നതിനോട് അനുബന്ധിച്ച് പ്രത്യേക ഗതാഗത ക്രമീകരണങ്ങള്‍ വരുത്തുമോയെന്നു വ്യക്തമല്ല. പാലം പൊളിക്കുന്നത് ഗതാഗതത്തെ ബാധിക്കില്ലെന്ന് അധികൃതര്‍ പറയുന്നത്.
പാലം പൊളിച്ചുപണിയുന്നതു സംബന്ധിച്ച് ഡിഎംആര്‍സി മുഖ്യ ഉപദേശകന്‍ ഇ ശ്രീധരനുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. നിര്‍മാണ മേല്‍നോട്ടം ഏറ്റെടുക്കാമെന്നും എട്ടു മാസം കൊണ്ടു പൂര്‍ത്തിയാക്കാമെന്നും ശ്രീധരന്‍ മുഖ്യമന്ത്രിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.