ഇസ്രയേൽ-പലസ്തീൻ സംഘർഷം: ഒടുവിൽ യു.എസ് ഇടപെടുന്നു; പ്രതീക്ഷയോടെ ലോകം
വാഷിംഗ്ടൺ: ഇസ്രയേൽ-പലസ്തീൻ പ്രശ്‌നപരിഹാരത്തിനായി യു.എസ് ഇടപെടുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന് അവസാനം കുറിക്കാൻ വെടിനിർത്തലിന് പിന്തുണ അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ രംഗത്ത് എത്തി. ആക്ടിവിസ്റ്റുകളുടെയും സ്വന്തം പാർട്ടിയായ ഡെമോക്രാറ്റുകൾക്കിടയിൽ നിന്നുതന്നെയുള്ള സമ്മർദ്ദങ്ങളേയും തുടർന്നാണ് പ്രസിഡന്റ് വെടിനിർത്തലിന് പിന്തുണയുമായെത്തിയത്.
വെടിനിർത്തലിന് അനുകൂലമായി പ്രസിഡന്റ് നിലപാട് എടുത്തതായും ഈജിപ്ത് ഉൾപ്പടെയുള്ള കക്ഷികളുമായി ചർച്ച നടത്തിയതായും വൈറ്റ്ഹൗസ് അറിയിച്ചു. യു.എൻ രക്ഷാസമിതിയുടെ വെടിനിർത്തലിനായുള്ള പ്രമേയം തുടർച്ചയായി വീറ്റോ ചെയ്തതിന് പിന്നാലെയാണ് അമേരിക്കൻ പ്രസിഡന്റിന്റെ നിലപാട് മാറ്റം ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
അതേസമയം, ഇസ്രയേലിന്റെ തിരിച്ചടിയിൽ പലസ്തീനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം198 ആയി. രണ്ട് കുട്ടികളടക്കം പത്തു പേരുടെ മരണമാണ് ഇസ്രായേലിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം പരിഹരിക്കാനായി തുർക്കി പല രാജ്യങ്ങളെയും സമീപിച്ചിട്ടുണ്ട്. ഫ്രാൻസിസ് മാർപാപ്പയുടെ സഹായവും തുർക്കി തേടി.