
തമിഴ്‌നാട്ടിലെ പൻരുതിയിൽ എസ്‌ബിഐയുടെ വ്യാജ ബാങ്ക് ശാഖാ തന്നെ ഉണ്ടാക്കി തട്ടിപ്പിന് ശ്രമം. വ്യാജ ബാങ്കിൽ ഇടപാടുകൾ നടക്കും മുൻപ് പോലീസ് ഇടപെടൽ ഉണ്ടായത് മൂലം പൻറുതിയിലെ എസ് ബി ഐ ഇടപാടുകാർ തട്ടിപ്പിനിരകളാകാതെ രക്ഷപെടുകയായിരുന്നു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്‌ബിഐ) വ്യാജ ബ്രാഞ്ച് നടത്തിയിരുന്ന മൂന്നു പേരെയാണ് പൻരുതിയിൽ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ മൂന്ന് പേരിൽ ഒരാളുടെ മാതാപിതാക്കൾ എസ് ബി ഐ യുടെ മുൻ ജീവനക്കാരായിരുന്നു. ബാങ്ക് ജോലിക്കാരായിരുന്ന മാതാപിതാക്കളുടെ തൊഴിലില്ലാത്ത മകൻ കമൽ ബാബു ആണ് വ്യാജ ബ്രാഞ്ചിന്റെ സൂത്രധാരകൻ. ഇയാൾ ഉൾപ്പെടെ മൂന്നുപേരെയാണ് പൻരുതി പോലീസ് ഇൻസ്പെക്ടർ അംബേത്കർ അറസ്റ്റ് ചെയ്തത്. കമൽ ബാബുവിന്‍റെ അച്ഛൻ 10 വർഷം മുമ്പ് മരിച്ചു, അമ്മ രണ്ട് വർഷം മുമ്പ് ബാങ്കിൽ നിന്ന് വിരമിക്കുകയും ചെയ്തു. വ്യാജ ബാങ്കിന് ആവശ്യമായ രസീതുകളും ചെലാനുകളും, രേഖകളും അച്ചടിച്ചു നൽകിയ പ്രിന്റിംഗ് പ്രസ്സ് നടത്തിപ്പുകാരനും,റബ്ബർ സ്റ്റാമ്പുകൾ വ്യാജമായി നിർമ്മിക്കുന്ന ഒരാളും അറസ്റ്റിലായിട്ടുണ്ട്.
പാൻരുതിയിലെ ഒരു എസ്‌ബിഐ ഉപഭോക്താവിനു വ്യാജ ബ്രാഞ്ച് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് മൂന്ന് മാസം പഴക്കമുള്ള ബ്രാഞ്ചിനെക്കുറിച്ച് അന്വേഷണം നടക്കുന്നത്. താമസിയാതെ, അന്വേഷണം സോണൽ ഓഫീസിലേക്ക് വ്യാപിപ്പിച്ചു, ഇത് എസ്‌ബിഐയുടെ രണ്ട് ശാഖകൾ മാത്രമാണ് പൻരുതിയിൽ പ്രവർത്തിക്കുന്നതെന്നും മൂന്നാമത്തെ ബ്രാഞ്ച് തുറന്നിട്ടില്ലെന്നും എസ്ബിഐ അധികൃതർ അന്വേഷണസംഘത്തോട് വ്യക്തമാക്കി.
തുടർന്ന്, എസ്‌ബിഐ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. വ്യാജ ബ്രാഞ്ച് കണ്ടു അവർ അമ്പരന്നു. സംഭവത്തിൽ മൂന്നു പേർ അറസ്റ്റിലായതിനെത്തുടർന്ന് എസ്ബിഐ അധികൃതർ ഉടൻ പരാതി നൽക്കുകയായിരുന്നു. ഇടപാടുകളൊന്നും നടന്നിട്ടില്ലെന്നും അതിനാൽ ആർക്കും പണം നഷ്ടപ്പെട്ടില്ലെന്നും ബാങ്ക് അധികൃതർ സ്ഥിരീകരിച്ചു. കേസിൽ അറസ്റ്റിലായ മൂന്നുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.