പാലത്തായി പീഡന കേസ്; സിബിഐ അന്വേഷിക്കണമെന്ന് പ്രതി പത്മരാജൻ ഹൈക്കോടതിയിൽ
കണ്ണൂർ: പാലത്തായി പീഡന കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതി പത്മരാജൻ ഹൈക്കോടതിയിൽ. കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പത്മരാജൻറെ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ കത്തയച്ചിരുന്നു. സർക്കാർ പരാതി പരിഗണിക്കാത്തതിനെത്തുടർന്നാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.
2020 ജനുവരിയിലാണ് ഒമ്പതു വയസുകാരി പീഡനത്തിന് വിധേയയായെന്ന പരാതി പോലീസിന് ലഭിക്കുന്നത്. ആദ്യം പാനൂർ പോലീസാണ് കേസിൽ അന്വേഷണം നടത്തിയത്. അന്വേഷണം ആരംഭിച്ചതോടെ പ്രതിയായ പത്മരാജൻ മുങ്ങി. പ്രതിയെ പിടികൂടാൻ വൈകുന്നതിൽ പോലീസിനെതിരേ അന്ന് വ്യാപക വിമർശനമുയർന്നു. തുടർന്ന് പത്മരാജൻ അറസ്റ്റിലായെങ്കിലും പീഡനം നടന്നിട്ടില്ലെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. പെൺകുട്ടിയുടെ മൊഴികൾ പരസ്പരവിരുദ്ധമാണെന്നും പോലീസ് പറഞ്ഞു.
പിന്നീട് സർക്കാർ നിർദേശപ്രകാരം ഐ.ജി. എസ്.ശ്രീജിത്തിൻറെ നേതൃത്വത്തിൽ പ്രത്യേകസംഘം കേസ് അന്വേഷിച്ചു. പീഡനം നടന്നിട്ടില്ലെന്നും കുട്ടി പറഞ്ഞത് വിശ്വസിക്കാൻ കഴിയില്ലെന്നുമായിരുന്നു ഈ അന്വേഷണസംഘത്തിൻറെയും കണ്ടെത്തൽ. ഇതിനിടെ, ഐ.ജി എസ്.ശ്രീജിത്തിൻറെ ഒരു ഫോൺ കോൾ പുറത്തു വന്നതും വിവാദത്തിനിടയാക്കി. തുടർന്ന് ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നിർദേശപ്രകാരമാണ് മൂന്നാമത്തെ അന്വേഷണസംഘം കേസ് ഏറ്റെടുത്തത്.
ഐ.ജി ഇ.ജെ. ജയരാജിൻറെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസിൽ വിശദമായ അന്വേഷണം നടത്തിയത്. രണ്ട് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. ഇവർ പെൺകുട്ടിയിൽനിന്ന് വിശദമായ മൊഴി രേഖപ്പെടുത്തി കേസിൻറെ തുടക്കം മുതലുള്ള ഓരോ കാര്യങ്ങളും വിശദമായി അന്വേഷിക്കുകയായിരുന്നു. ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പെൺകുട്ടി പീഡനത്തിനിരയായെന്ന് അന്വേഷണസംഘം കണ്ടെത്തിയത്.