മൂന്നര പതിറ്റാണ്ട് മുമ്പ് കാണാതായ പഞ്ചലോഹ വിഗ്രഹം അഷ്ടമംഗല്യ പ്രശ്നത്തിനിടെ കണ്ടെത്തി

മൂന്നര പതിറ്റാണ്ട് മുമ്പ് കളമശേരി ഏലൂർ കിഴക്കുമ്പാറ ദേവി ക്ഷേത്രത്തിൽ നിന്ന് നഷ്ടപ്പെട്ടതായി കരുതിയിരുന്ന പഞ്ചലോഹ വിഗ്രഹം തിരിച്ചുകിട്ടി. ജോത്യഷി മറ്റം ജയകൃഷ്ണ പണിക്കരുടെ കാർമ്മികത്വത്തിൽ അഷ്ടമംഗല്യ പ്രശ്നം നടക്കുന്നതിനിടെ രണ്ട് മുത്തപ്പന്മാർ ക്ഷേത്രത്തിൽ ഉണ്ടെന്ന സൂചന ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഈ സമയത്താണ് 72 വയസുള്ള ലീലാ കേശവൻ സ്റ്റോർ റൂമിലെ അലമാരയിൽ ഒരു വിഗ്രഹം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയത്. ഇപ്പോഴത്തെ ക്ഷേത്രഭാരവാഹികൾക്കും ഇതുസംബന്ധിച്ച് ധാരണയൊന്നുമുണ്ടായിരുന്നില്ല.
1990-ലാണ് വിഗ്രഹം മോഷണം പോയത്. വിഗ്രഹം കയ്യിൽ പിടിച്ച് പോകുന്ന മോഷ്ടാവിനെ വഴിയിലൂടെ വന്ന ഒരു ബസ് ഡ്രൈവർ കണ്ടിരുന്നു. ഡ്രൈവർ അത് തിരിച്ചറിഞ്ഞതോടെ മോഷ്ടാവ് വിഗ്രഹം അദ്ദേഹത്തേക്ക് എറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
തൊണ്ടിയായി കിട്ടിയ വിഗ്രഹം പിന്നീട് കോടതിയിൽ സൂക്ഷിക്കപ്പെട്ടതിനെ തുടർന്ന് ക്ഷേത്രത്തിൽ പുതിയ വിഗ്രഹം പ്രതിഷ്ഠിച്ചിരുന്നു. കേസിനുശേഷം രണ്ട് മൂന്ന് വർഷങ്ങൾക്കകം തിരിച്ചുകിട്ടിയ പഴയ വിഗ്രഹം സ്റ്റോർ റൂമിലേക്ക് മാറ്റിയെങ്കിലും അതിനെക്കുറിച്ചുള്ള വിവരം പിന്നീടുള്ള ഭരണസമിതികൾക്ക് ലഭിച്ചിരുന്നില്ല.
ഇപ്പോൾ കണ്ടെത്തിയ പഞ്ചലോഹ വിഗ്രഹം നിലവിലുള്ള മുത്തപ്പന്റെ വലതുവശത്ത്, അതേ പീഠത്തിൽ പ്രതിഷ്ഠിക്കുമെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.
Tag: Panchaloha idol, which went missing three and a half decades ago, was found during the Ashtamangalya problem