ടെലിഫോൺ എക്സ്ചേഞ്ചുകൾ കേന്ദ്രീകരിച്ച് ഹവാല ഇടപാടുകൾ നടക്കുന്നതായി സംശയം; വിശദമായ പരിശോധന നടത്തുമെന്ന് പോലീസ്

കൊച്ചി: കൊച്ചി നഗരത്തിൽ ഹവാല ഇടപാടുകൾ വർധിച്ചുവരുന്നതായി പോലീസ്. അതിന്റെ ഭാഗമായി നഗരത്തിൽ അനധികൃതമായി പ്രവർത്തിച്ചുവരുന്ന സാമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ പരിശോധിക്കുമെന്ന് തൃക്കാക്കര എസി ജിജിമോൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
ടെലിഫോൺ എക്സ്ചേഞ്ചുകാളിൽ പിടിച്ചെടുത്ത കമ്പ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങൾ വിശദമായ പരിശോധനക്ക് വിധേയമാക്കും. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് പരിശോധന നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ തൃക്കാക്കര സ്വദേശി നജീബിനെ ചോദ്യം ചെയ്തു വരുകയാണെന്നും പൊലീസ് അറിയിച്ചു.
അന്താരാഷ്ട്ര കോളുകൾ ലോക്കൽ കോളുകളാക്കി മാറ്റുന്ന സമാന്തര എക്സ്ചേഞ്ച് നഗരത്തിൽ കണ്ടെത്തിയ സംഭവം പൊലീസ് പ്രാധാന്യത്തോടെയാണ് അന്വേഷിക്കുന്നത്. വിദേശത്തു നിന്നുള്ള ടെലിഫോൾ കോളുകൾ ടെലികോം വകുപ്പ് അറിയാതെ ലോക്കൽ കോളുകളാക്കുന്ന സമാന്തര എക്സ്ചേഞ്ച് പ്രവർത്തിച്ചിരുന്നത് അറസ്റ്റിലായ തൃക്കാക്കര സ്വദേശി നജീബിൻറെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലായിരുന്നു. നിയമ വിരുദ്ധമായാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്ന് നജീബിന് അറിയാമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
എക്സ്ചേഞ്ച് നടത്തുന്നതിനായി വണ്ണപ്പുറം കാളിയാർ സ്വദേശി കുഴിമണ്ഡപത്തിൽ മുഹമ്മദ് റസൽ മുറി വാടകക്ക് എടുക്കുകയായിരുന്നു. ഇയാളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. തൃക്കാക്കരക്കൊപ്പം കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിലും എക്സ്ചേഞ്ച് നടത്തിയിരുന്നത് റസൽ തന്നെയാണ്. സെപ്റ്റംബർ മുതൽ തൃക്കാക്കരിയിൽ എക്സ്ചേഞ്ച് പ്രവർത്തിച്ചിരുന്നതായി ടെലികോം വകുപ്പാണ് കണ്ടെത്തിയത്.