ആംബുലന്‍സ് വരുന്നതു വരെ കാത്തു നിന്നു; അപകടത്തില്‍ പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: റോഡപകടത്തില്‍ പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം. ആംബുലന്‍സ് വരുന്നത് വരെ യുവാവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ പൊലീസ് കാത്തു നിന്നു. ഇതേ തുടര്‍ന്ന് രക്തം വാര്‍ന്ന് യുവാവിന് ദാരുണാന്ത്യം. കാട്ടാക്കട തൂങ്ങാംപാറ ചെട്ടിക്കോണം തോപ്പുവിളാകത്ത് വീട്ടില്‍ പരേതനായ പ്രമേഷിന്റെയും ലതയുടെയും മകന്‍ അഖില്‍ പ്രമേഷ് (22) ആണ് അപകടത്തില്‍ മരിച്ചത്.
തിരുവല്ലം ചിത്രാഞ്ജലി റോഡിന് സമീപമുള്ള വളവില്‍ വെച്ചായിരുന്നു അപകടം. പാച്ചല്ലുര്‍ ഭാഗത്ത് നിന്ന് തിരുവല്ലം വഴി കിഴക്കേകോട്ടയിലേക്ക് പോയ ബസിനെ മറികടക്കുന്നതിനിടെ ബൈക്കിന്റെ ഹാന്‍ഡില്‍ ബസില്‍ തട്ടുകയും ഇതേ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് ഓടിക്കൊണ്ടിരുന്ന ബസിനടിയില്‍ പെടുകയും ചെയ്തു.
പൊലീസ് സ്റ്റേഷന് സമീപത്ത് നടന്ന അപകടത്തെ കുറിച്ച് വിവരം അറിഞ്ഞ പൊലീസ് ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തിയെങ്കിലും യുവാവിനെ , പൊലീസ് ജീപ്പില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. പകരം ഗതാഗതം തിരിച്ച് വിടുന്നതിലായിരുന്നു പൊലീസിന്റെ ശ്രദ്ധയെന്നും അപകടത്തില്‍ പരിക്കേറ്റയാളെ സംഭവസ്ഥലത്ത് നിന്ന് മാറ്റാന്‍ പോലും പൊലീസ് തയ്യാറായില്ലെന്നും അവര്‍ ആരോപിച്ചു. തുടര്‍ന്ന് അഖില്‍ ഒരു മണിക്കൂറോളം രക്തം വാര്‍ന്ന് റോഡില്‍ കിടന്നു.
അപകടം നടന്നിട്ടും പരിക്കേറ്റയാളെ ആശുപത്രിയില്‍ കൊണ്ടുപോകാതെ ഗതാഗതം നിയന്ത്രിച്ച പൊലീസിനെതിരെ ഒടുവില്‍ നാട്ടുകാര്‍ പ്രതികരിക്കാന്‍ തുടങ്ങിയതോടെ, അഖിലിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പൊലീസ് തയ്യാറായി. എങ്കിലും അപകടം നടന്ന് ഒരു മണിക്കൂറോളം സമയം പിന്നിട്ടിരുന്നു. അപ്പോഴേക്കും മെഡിക്കല്‍ കോളേജില്‍ നിന്ന് 108 ആംബുലന്‍സ് എത്തുകയും യുവാവിനെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ ഏറെ നേരം രക്തം വാര്‍ന്നതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.