പാർലമെന്‍റ് തെരഞ്ഞെടുപ്പ് പരാജയം; ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജി പ്രഖ്യാപിച്ചു

ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ സ്ഥാനം രാജിവെച്ചു. ജൂലൈയിൽ നടന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ വമ്പൻ പരാജയം നേരിട്ടതിനെ തുടർന്നാണ് രാജി. സ്വന്തം പാർട്ടിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നുതന്നെ രാജി ആവശ്യം ഉയർന്നതിനെ തുടർന്നാണ് ഇഷിബ സ്ഥാനമൊഴിയാൻ തീരുമാനിച്ചത്. ഭരണകക്ഷിയിലെ അംഗങ്ങൾ തന്നെ ഇദ്ദേഹത്തിനെതിരെ അവിശ്വാസം കൊണ്ടുവരാനുള്ള ഒരുക്കത്തിലായിരുന്നു.
ഇഷിബയെ ചൊല്ലിയുള്ള ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽഡിപി)യിലെ പിളർപ്പ് ഒഴിവാക്കാൻ അദ്ദേഹം പ്രധാനമന്ത്രി പദം രാജിവയ്ക്കുമെന്ന് ജപ്പാനിലെ എൻഎച്ച്കെ പബ്ലിക് ടെലിവിഷൻ കഴിഞ്ഞ ദിവസം റിപ്പോർട്ട് പുറത്തു വിട്ടിരുന്നു.മുൻ പ്രതിരോധമന്ത്രിയായിരുന്ന ഇഷിബ കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത്. ഇതിന് ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലാണ് പാർട്ടി മോശം പ്രകടനം കാഴ്ച്ച വച്ചത്. പാർലമെന്റിലെ ഇരുസഭകളിലും ഭരണസഖ്യത്തിന് ഭൂരിപക്ഷം നഷ്ടമായിരുന്നു