പാർട്ട്- ടൈം ശാന്തി നിയമനം; തന്ത്ര വിദ്യാലയങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റ് മതിയാകുമെന്ന് ഹൈക്കോടതി

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പാർട്ട്- ടൈം ശാന്തി നിയമനത്തിനുള്ള യോഗ്യതയായി, ദേവസ്വം ബോർഡും കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡും അംഗീകരിച്ച തന്ത്ര വിദ്യാ പീഠങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റ് മതിയാകുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
2023-ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പാർട്ട്-ടൈം ശാന്തി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച വിജ്ഞാപനത്തിലെ യോഗ്യതയെ ചോദ്യം ചെയ്ത് അഖില കേരള തന്ത്രി സമാജം സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം.
താന്ത്രിക വിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങളെ വിലയിരുത്താനും അംഗീകാരം നൽകാനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനും വൈദഗ്ധ്യമോ നിയമപരമായ അധികാരമോ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പാരമ്പര്യ തന്ത്രിമാരുടെ കീഴിൽ പൂജ പഠിച്ചവരെ മാത്രമേ പാർട്ട്-ടൈം ശാന്തിമാരായി നിയമിക്കാവൂ എന്ന ഹർജിക്കാരുടെ വാദം കോടതി തള്ളി. ശാന്തി നിയമനത്തിന് ഒരു പ്രത്യേക വിഭാഗത്തിൽ നിന്നോ പാരമ്പര്യത്തിൽ നിന്നോ ഉള്ളവർക്ക് മാത്രം യോഗ്യത നൽകുന്നത് അനിവാര്യമായ മതപരമായ ആചാരം, അനുഷ്ഠാനം, ആരാധന എന്നിവ പ്രകാരമുള്ള ഉറച്ച ആവശ്യമാണെന്ന് കരുതാനാവില്ലെന്നും, ഇതിന് വസ്തുതാപരമോ നിയമപരമോ ആയ അടിസ്ഥാനമില്ലെന്നും കോടതി വ്യക്തമാക്കി. ആത്മീയ പ്രവർത്തനങ്ങളുമായി ബന്ധമില്ലാത്തവരെ ശാന്തി തസ്തികയ്ക്ക് പരിഗണിക്കുന്നത് തങ്ങളുടെ മൗലികാവകാശ ലംഘനമാണെന്ന ഹർജിക്കാരുടെ വാദവും കോടതി തള്ളി.
പാരമ്പര്യ തന്ത്രിമാരിൽ നിന്ന് നേരിട്ട് പൂജ പഠിച്ചവർക്ക് അപേക്ഷിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി, തന്ത്രിമാർ നൽകുന്ന സർട്ടിഫിക്കറ്റിന് മതിയായ വിലകൽപ്പിക്കുന്നില്ല തുടങ്ങിയ ഹർജിക്കാരുടെ ആക്ഷേപം ബോർഡ് പിന്നീട് പരിഹരിച്ചിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. കൂടാതെ, ട്രാവൻകൂർ-കൊച്ചിൻ ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റിയൂഷൻസ് നിയമപ്രകാരമുള്ള അധികാരം ഉപയോഗിച്ച് ടി.ഡി.ബി. കൊണ്ടുവന്ന ചട്ടങ്ങൾ നിയമപരമായി അംഗീകരിച്ചതാണെന്നും കോടതി വ്യക്തമാക്കി.
ചട്ടങ്ങളുടെ കരട് പ്രസിദ്ധീകരിക്കൽ, ഗസറ്റ് വിജ്ഞാപനം തുടങ്ങിയ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ട്. പാർട്ട്-ടൈം ശാന്തി നിയമനത്തിനുള്ള യോഗ്യത സംബന്ധിച്ച് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിൽ നിന്ന് വിദഗ്ധരുടെ നിർദേശങ്ങൾ ലഭ്യമാക്കിയിരുന്നുവെന്നും ബോർഡ് കോടതിയിൽ അറിയിച്ചു. റിക്രൂട്ട്മെന്റ് ബോർഡ് തയ്യാറാക്കിയ പാഠ്യപദ്ധതിയിൽ വേദഗ്രന്ഥങ്ങൾ, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, ആരാധനാ രീതികൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. യോഗ്യതയുള്ള പണ്ഡിതരും തന്ത്രിമാരുമാണ് ഇത് പഠിപ്പിക്കുന്നത്. ഒന്നുമുതൽ അഞ്ച് വർഷം വരെയുള്ള കോഴ്സാണ് നൽകുന്നത്. പഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്രവേശന ചടങ്ങുമുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് കർശനമായ മെറിറ്റിൻ്റെ അടിസ്ഥാനത്തിലാണ് അന്തിമ തിരഞ്ഞെടുപ്പ്. ഇതിനായുള്ള സമിതിയിൽ പണ്ഡിതന്മാരും പ്രശസ്തനായ തന്ത്രിയുമുണ്ട്. നിയമനത്തിന് മുൻപ് ഇവരുടെ യോഗ്യതകൾ വീണ്ടും പരിശോധിച്ച് ഉറപ്പാക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.
Tag: Part-time Shanti appointment; High Court says certificate issued by Tantra schools will suffice