”അനവധി പേർ സഹിച്ച വേദനയും പ്രക്ഷോഭങ്ങളും അനുസ്മരിക്കാനാണ് ‘വിഭജന ഭീതി ദിനം’”; പ്രധാനമന്ത്രി
വിഭജനകാലത്ത് ജനങ്ങൾ അനുഭവിച്ച ദുരിതങ്ങളെ ഓർക്കുന്ന ദിനമാണ് ‘വിഭജന ഭീതി ദിനം’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ ചരിത്രത്തിലെ ഏറ്റവും ദാരുണമായ അധ്യായത്തിൽ അനവധി പേർ സഹിച്ച വേദനയും പ്രക്ഷോഭങ്ങളും അനുസ്മരിക്കാനാണ് ‘വിഭജന ഭീതി ദിനം’ ആചരിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അവരുടെ മനസ്സുറുപ്പിനെയും ധൈര്യത്തെയും ആദരിക്കാനുള്ള ദിവസമാണിതെന്നും മോദി കൂട്ടിച്ചേർത്തു.
“ദുരിതം അനുഭവിച്ചവരിൽ പലരും ജീവിതം പുനർനിർമ്മിച്ച് ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചു. നമ്മുടെ രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്തേണ്ട ഉത്തരവാദിത്തം നമ്മെ ഓർമ്മിപ്പിക്കുന്ന ദിനവുമാണ് ഇത്,” എന്ന് പ്രധാനമന്ത്രി പറഞ്ഞു.
2021-ലാണ് മോദി ഓഗസ്റ്റ് 14-നെ ‘വിഭജന ഭീതി ദിനം’ ആയി ആചരിക്കണമെന്ന് ആഹ്വാനം ചെയ്തത്. 2022 മുതൽ ഔദ്യോഗികമായി ദിനാചരണം ആരംഭിച്ചു. എന്നാൽ, കേരള സർവകലാശാലയുടെ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ കീഴിലുള്ള കോളേജുകളിൽ വിഭജന ഭീതി ദിനം ആചരിക്കാൻ സർക്കുലർ നൽകിയതിനെ തുടർന്ന് സംസ്ഥാനത്ത് വൻ പ്രതിഷേധം ഉയർന്നു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ കോളേജുകളിൽ ഈ ദിനാചരണം നടത്തുന്നത് നിരോധിച്ചിട്ടുണ്ട്. സാമുദായിക സൗഹാർദ്ദം തകർക്കുകയും വർഗീയ സ്പർധ വളർത്തുകയും ചെയ്യാനിടയുള്ളതിനാലാണ് തീരുമാനം. എല്ലാ കോളേജുകൾക്കും അടിയന്തിര അറിയിപ്പ് നൽകാൻ സർവകലാശാല ഡീൻ നിർദേശിച്ചു.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് വ്യക്തമാക്കിയത്, “വിഭജന ഭീതി ദിനാചരണം എവിടെയായാലും എതിര്‌ത്ത് നേരിടും. കോളേജ് യൂണിറ്റുകൾക്ക് തടയാൻ നിർദേശം നൽകിയിട്ടുണ്ട്. വൈസ് ചാൻസലർ സർവകലാശാലയിൽ പരിപാടി നടത്താൻ ആലോചിക്കുന്നുവെങ്കിൽ അത് നടക്കില്ല. നേതാക്കൾ തിരുവനന്തപുരത്ത് സന്നിഹിതരാണ്. ഇതുവരെ കാണാത്ത രീതിയിലുള്ള പ്രതിഷേധം സംഘടിപ്പിക്കും.”
അതേസമയം, കാസർകോട് കേന്ദ്ര സർവകലാശാലയിൽ വിഭജന ഭീതി ദിനം പുലർച്ചെ 12.30-ന് ആചരിച്ചു. എബിവിപി ദേശീയ നിർവാഹക സമിതി അംഗം അഭിനവ് തൂണേരിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ഇന്ന് മുഴുവൻ സർവകലാശാലയിൽ ദിനാചരണം തുടരുമെന്നാണ് തീരുമാനിച്ചിരിക്കുന്നത്.
India observes #PartitionHorrorsRemembranceDay, remembering the upheaval and pain endured by countless people during that tragic chapter of our history. It is also a day to honour their grit…their ability to face unimaginable loss and still find the strength to start afresh.…
— Narendra Modi (@narendramodi) August 14, 2025
Tag: Partition Fear Day’ is to commemorate the pain and struggles endured by so many”: Prime Minister