‘ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ’; ആരോപണങ്ങൾക്ക് രാഹുൽ തന്നെ മറുപടി നൽകണമെന്ന നിലപാടിൽ പാർട്ടി നേതൃത്വം
തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ഇക്കാര്യം രാഹുൽ പാർട്ടി നേതൃത്വത്തെ അറിയിച്ചു. നേതൃത്വവുമായി നടത്തിയ ആശയവിനിമയത്തിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. എന്നാൽ, ആരോപണങ്ങൾക്ക് രാഹുൽ തന്നെ മറുപടി നൽകണമെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. ഇതിനിടെ, പാർട്ടി രാഹുലിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പാർലമെന്ററി പാർട്ടിയിലേക്കും അദ്ദേഹത്തിന് അംഗത്വമുണ്ടാകില്ല.
ഇതിനൊപ്പം, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾ വീണ്ടും സജീവമാകുകയാണ്. അബിൻ വർക്കിയുടെ “സ്വാഭാവിക നീതി” വാദത്തിന് മറുപക്ഷം ബൈലോ ചൂണ്ടിക്കാട്ടിയാണ് മറുപടി നൽകുന്നത്. സ്വാഭാവിക നീതി നടപ്പാക്കണമെന്നതാണ് അബിൻ വർക്കിയുടെ ആവശ്യം. രാഹുലിനെ അധ്യക്ഷനാക്കിയത് വോട്ടിന്റെ മാത്രം അടിസ്ഥാനത്തിൽ ആയിരുന്നില്ല. ഏറ്റവും കൂടുതൽ വോട്ട് നേടിയ മൂന്നു പേരെ ഡൽഹിയിൽ അഭിമുഖത്തിന് വിളിച്ചിരുന്നു. അവരായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ, അബിൻ വർക്കി, അരിതാ ബാബു. ഇപ്പോഴത്തെ സാഹചര്യത്തിൽ, അബിൻ വർക്കിയെയും അരിതാ ബാബുവിനെയും കൂടാതെ ഒ.ജെ ജനീഷിനെയും അഭിമുഖത്തിന് ഉൾപ്പെടുത്തണമെന്നാണ് ചിലരുടെ വാദം. ബിനു ചുള്ളിയിലിന്റെ കാര്യത്തിൽ പ്രായപരിധി കഴിഞ്ഞുവെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാൽ അത് തെറ്റാണെന്നും തനിക്ക് പ്രായപരിധി പ്രശ്നമില്ലെന്നും ബിനു ചുള്ളിയിൽ വ്യക്തമാക്കി. 1987 മെയ് 10ന് ശേഷം ജനിച്ചവർക്കാണ് കമ്മിറ്റിയിൽ അംഗത്വം ലഭിക്കാനുള്ള യോഗ്യതയുള്ളതെന്ന് ബൈലോ വ്യക്തമാക്കുന്നു.
Tag: Party leadership insists that Rahul makoottathil himself should respond to the allegations