ചില കമന്റുകൾ വേദനിപ്പിക്കുക മാത്രമല്ല, പേടി തോന്നിയ അവസരവുമുണ്ട്; പാർവതി
ശക്തമായ നിലപാടുകൾ പങ്കുവയ്ക്കുന്ന താരങ്ങളിൽ ഒരാളാണ് നടി പാർവതി തിരുവോത്ത്. ഇതിന്റെ പേരിൽ നിരവധി തവണ സൈബർ ആക്രമണങ്ങൾക്ക് ഇരയായ താരം കൂടിയാണ് പാർവതി. ചില വിഷയങ്ങളിൽ നിലപാടുകൾ എടുക്കുമ്പോൾ എതിർപ്പുള്ളവർ സോഷ്യൽ മീഡിയയിലൂടെ നടത്തുന്ന അധിക്ഷേപങ്ങൾ ചിലപ്പോൾ ഭയപ്പെടുത്താറുണ്ടെന്ന് വ്യക്തമാക്കി പാർവതി.
ചില കമന്റുകൾ വേദനിപ്പിക്കുക മാത്രമല്ല, പേടി തോന്നിയ അവസരവുമുണ്ട്. നിങ്ങളുടെ വീട് എവിടെയാണെന്ന് അറിയാം, നിങ്ങൾ കഴിഞ്ഞ ദിവസം ആ നിറത്തിലുള്ള ഡ്രസ്സ് ധരിച്ച് ഇവിടെ നടക്കുന്നത് കണ്ടതാണ്, മുഖത്ത് ആസിഡ് ഒഴിക്കും, റേപ്പ് ചെയ്യും എന്നെല്ലാം ചിലർ ഭീഷണിപ്പെടുത്തും. അങ്ങനെ കാണുമ്പോൾ ആരായാലും ഒന്നു പേടിച്ചു പോവില്ലേ.
അത്തരം സന്ദർഭങ്ങളിൽ പുറത്തിറങ്ങി റിലാക്സ്ഡ് ആയി നടക്കാൻ പോലുമാവില്ല. പക്ഷേ, അതു കൊണ്ടൊന്നും തന്റെ നിലപാടുകളിലും ശൈലിയിലും മാറ്റം വരുത്താറില്ലെന്നും പാർവതി മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആ ഭീഷണികളെ ഒക്കെ അവഗണിച്ച് താനായി തന്നെ ജീവിക്കുക എന്നതാണ് ഏറ്റവും വലിയ പ്രതിരോധവും സമരവും എന്നും പാർവതി പറയുന്നു.
അതേസമയം, മമ്മൂട്ടിക്കൊപ്പം പുഴു എന്ന സിനിമയാണ് താരം ഇനി ചെയ്യാൻ ഒരുങ്ങുന്നത്. മമ്മൂട്ടിക്കൊപ്പം പാർവതി ആദ്യമായി വേഷമിടുന്ന സിനിമ കൂടിയാണ് പുഴു. ഭീഷ്മപർവ്വം, സിബിഐ 5 എന്നീ സിനിമകൾക്ക് ശേഷമാകും പുഴുവിനായി മമ്മൂട്ടി എത്തുക.