ഇ-പാസ് നിലവിൽ വന്നു; ആരൊക്കൊക്കെ അപേക്ഷിക്കാം? എങ്ങനെ അപേക്ഷിക്കാം?
ലോക്ഡൗൺ കാലത്ത് അത്യാവശ്യഘട്ടങ്ങളിൽ യാത്ര ചെയ്യുന്നതിന് ഓൺലൈൻ ആയി പാസിന് അപേക്ഷിക്കാനുളള സംവിധാനം നിലവിൽ വന്നു. അവശ്യ സർവ്വീസ് വിഭാഗത്തിൽപ്പെട്ടതെങ്കിലും ഓഫീസ് തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർക്കും വീട്ടുജോലിക്കാർ, തൊഴിലാളികൾ, കൂലിപ്പണിക്കാർ, ഹോം നഴ്സുമാർ എന്നിങ്ങനെ സ്വന്തമായി ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താം.
വളരെ അത്യാവശ്യഘട്ടങ്ങളിൽ ജില്ല വിട്ട് യാത്ര ചെയ്യുന്നതിനും ഇ-പാസ് ആവശ്യമാണ്. അടുത്ത ബന്ധുവിൻറെ മരണം, വിവാഹം, വളരെ അടുത്ത ബന്ധുവായ രോഗിയെ സന്ദർശിക്കൽ, ഒരു രോഗിയെ ചികിൽസാ ആവശ്യത്തിനായി മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോകൽ മുതലായ കാര്യങ്ങൾക്ക് മാത്രമേ ജില്ല വിട്ട് യാത്ര അനുവദിക്കൂ. ഇ-പാസ് ഉപയോഗിച്ച് യാത്രചെയ്യുമ്പോൾ ഏതെങ്കിലും തിരിച്ചറിയൽ രേഖ കൂടി കരുതണം.
https://pass.bsafe.kerala.gov.in/ എന്ന വെബ്സൈറ്റിലൂടെയാണ് ഇ-പാസിന് അപേക്ഷിക്കേണ്ടത്. ഈ വെബ്സൈറ്റിൽ പ്രവേശിച്ച് ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും നൽകണം. ലോക്ക്ഡൗൺ കാലഘട്ടത്തിൽ എല്ലാ ദിവസവും യാത്ര ചെയ്യുന്നവർ പേജിന് മുകളിലെ ബന്ധപ്പെട്ട കോളം ടിക്ക് ചെയ്യണം. എല്ലാ വിവരങ്ങളും പൂരിപ്പിച്ച ശേഷം സബ്മിറ്റ് ബട്ടൺ അമർത്തി അപേക്ഷ സമർപ്പിക്കാം.
അപേക്ഷിച്ച ശേഷം പാസിൻറെ നിലവിലെ അവസ്ഥ അറിയാനും ഇതേ വെബ്സൈറ്റിൽ സംവിധാനം ഉണ്ട്. ഇതിനായുളള ഭാഗത്ത് ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പരും ജനന തീയതിയും നൽകിയാൽ മതിയാകും. പാസ് ഡൗൺലോഡ് ചെയ്ത ശേഷം മൊബൈൽ ഫോണിൽ പരിശോധകരെ കാണിക്കാം. പ്രിൻറ് ചെയ്യണമെന് നിർബന്ധമില്ല.
വാക്സിനേഷൻ എടുക്കാൻ പോകുന്നവർ, വളരെ അത്യാവശ്യത്തിന് വീടിന് സമീപത്തുളള കടകളിൽ പോകുന്നവർ എന്നിവർ ഓൺലൈൻ പാസിന് അപേക്ഷിക്കേണ്ടതില്ല. അവർ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങമൂലം കരുതിയാൽ മതി.