കരിപ്പൂര്‍-ദുബായ് വിമാനം റദ്ദാക്കി; വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം
കരിപ്പൂര്‍: കരിപ്പൂര്‍- ദുബായ് സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. ശനിയാഴ്ച രാത്രി 7.50 ന് പുറപ്പെടേണ്ട വിമാനം പലതവണ റീഷെഡ്യൂള്‍ ചെയ്തശേഷമാണ് ഞായറാഴ്ച വൈകീട്ടോടെ റദ്ദാക്കിയത്.
വിമാനത്തിന്റെ സമയം പലതവണ പുനഃക്രമീകരിച്ചതിനെ തുടര്‍ന്ന് 200 ലേറെ യാത്രക്കാര്‍ക്ക് രാത്രിയും പകലും വിമാനത്താവളത്തില്‍ കാത്തുനില്ക്കേണ്ടിവന്നു. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം റദ്ദാക്കേണ്ടി വന്നതെന്നാണ് വിശദീകരണം.
അനിശ്ചിതത്വം തുടര്‍ന്നതോടെയാണ് യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഞായറാഴ്ച രാത്രി പത്തിനകം യാത്രതിരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വീണ്ടും കോവിഡ് ടെസ്റ്റ് നടത്തേണ്ടിവരുമെന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.