പത്തനാപുരത്തിന് പിന്നാലെ കോന്നിയിലും വൻ സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തി
പത്തനംതിട്ട: കൊല്ലം പത്തനാപുരത്ത് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതിന് പിന്നാലെ പത്തനംതിട്ട ജില്ലയിലെ കോന്നി വയക്കരയിലും വൻ സ്‌ഫോടക ശേഖരം കണ്ടെത്തി. ഇന്നലെ സ്‌ഫോടകവസ്തുക്കൾ കണ്ട പത്തനാപുരം പാടത്തിന് സമീപത്തെ പ്രദേശമാണ് വയക്കര. 96 ജലാറ്റിൻ സ്റ്റിക്കുകളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. ഏതാണ്ട് ഒന്നര മാസത്തെ പഴക്കം ഇതിനുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇന്നലത്തെ സംഭവത്തിന് ശേഷം വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയത്.
ജലാറ്റിൻ സ്റ്റിക്കുകൾ ക്വാറിയിൽ നിന്ന് ഉപേക്ഷിച്ചതാണെന്നാണ് സംശയം. എന്നാൽ ഏതെങ്കിലും തരത്തിലുള്ള ഭീകരബന്ധം ഇതിനുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
അതേസമയം കൊല്ലം പത്തനാപുരത്ത് വനം വികസന കോർപറേഷന് കീഴിലുള്ള കശുമാവിൻ തോട്ടത്തിൽ നിന്ന് ഡിറ്റനേറ്ററുകളും ജലാറ്റിൻ സ്റ്റിക്കുകളും ഉൾപ്പെടെ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടക്കുകയാണ്. പത്തനാപുരത്തിനടുത്ത് പാടം എന്ന സ്ഥലത്താണ് ബോംബ് നിർമാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. വിഷയത്തിൽ ഭീകരവാദ ബന്ധമുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.
സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ പ്രദേശത്ത് ഭീകരവിരുദ്ധ സേനയും (എ ടി എസ്) പൊലീസും സംയുക്തമായി ഇന്ന് പരിശോധന നടത്തി. സംസ്ഥാന തീവ്രവാദ വിരുദ്ധ വിഭാഗത്തിനാണ് കേസ് അന്വേഷണ ചുമതല. അതിനിടെ സംഭവത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ വിശദാംശങ്ങൾ തേടിയിട്ടുണ്ട്. തീവ്രനിലപാടുകളുള്ള ചില സംഘടനകൾ പ്രദേശത്ത് പരിശീലനം നടത്തിയെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഇത്തരം വിവരങ്ങളുടെ അടിസ്ഥാനത്തിൽ തമിഴ്നാട് ക്യൂ ബ്രാഞ്ച് രണ്ട് മാസം മുൻപ് പ്രദേശത്ത് അന്വേഷണം നടത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.