ട്രിപ്പിള്‍ ലോക്ക്ഡൗണിലും മലപ്പുറത്ത് കോവിഡ് രോഗികള്‍ കുറയുന്നില്ല
മലപ്പുറം: ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഒരാഴ്ച്ച കടക്കുമ്ബോഴും മലപ്പുറത്ത് കൊറോണ വൈറസ് രോഗ വ്യാപനത്തില്‍ കുറവില്ല. ഇന്നലെ 4074 പേര്‍ക്കാണ് മലപ്പുറത്ത് കൊറോണ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി ഇന്നലെയും മുപ്പത് കടന്നിരിക്കുന്നു. ഇന്നലെ 31.53 ശതമാനമാണ് മലപ്പുറത്തെ ടിപിആര്‍. കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരെക്കാള്‍ ഏറെയാളുകള്‍ രോഗമുക്തരായി എന്നതു മാത്രമാണ് മലപ്പുറം ജില്ലക്ക് ചെറിയൊരാശ്വാസമുള്ളത്. എന്നാല്‍ അതേസമയം, കേരളത്തിലെ മറ്റ് ജില്ലകളില്‍ കൊവിഡ് കേസുകളും ടിപിആറും കുറയുന്നത് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്.
ഇന്നലെ 5,502 പേരാണ് ജില്ലയില്‍ രോഗമുക്തി നേടിയിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച്ച തുടങ്ങിയ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇന്നും മലപ്പുറത്ത് കര്‍ശനമായി തുടരുകയാണ്. എഡിജിപി വിജയ് സാഖറെ, ഐജി അശോക് യാദവ് എന്നിവര്‍ മലപ്പുറം ജില്ലയില്‍ ക്യാമ്ബ് ചെയ്ത് പൊലീസ് നടപടികള്‍ നേരിട്ട് നിയന്ത്രിക്കുന്നുണ്ട്. കൊവിഡ് കേസുകള്‍ കണ്ടെത്താനായി ഇന്നും നാളെയും ജില്ലയില്‍ 75000 പരിശോധനകള്‍ നടത്താനാണ് നീക്കം.