ഈശോ എന്ന പേരില്‍ സിനിമ പിടിക്കാമെന്ന് നാദിര്‍ഷ വിചാരിക്കേണ്ട; രണ്ടും കല്‍പ്പിച്ച് പി സി ജോര്‍ജ്
കോട്ടയം : ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ എന്ന സിനിമയാണ് പുതിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരിക്കുന്നത്. സിനിമയുടെ ടാഗ്‌ലൈന്‍ ആയ ‘നോട്ട് ഫ്രം ദി ബൈബിള്‍’ എന്ന വാചകമാണ് പലരെയും ചൊടിപ്പിച്ചത്. മതവികാരം വ്രണപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ക്രിസ്ത്യന്‍ സംഘടനകളും വൈദികരും ഇതിനെതിരെ രംഗത്ത് വന്നു. ഇപ്പോഴിതാ രാഷ്ട്രീയ പ്രവര്‍ത്തകന്‍ പി.സി. ജോര്‍ജ് ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
‘ഈശോ’ എന്ന പേരില്‍ സിനിമ പുറത്തിറങ്ങിയാല്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് പി.സി. ജോര്‍ജ് പറയുന്നത്. ഈ പേരില്‍ സിനിമ ഇറക്കാമെന്ന് നാദിര്‍ഷ വിചാരിക്കേണ്ടെന്നും പി.സി. ജോര്‍ജ് പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പി.സി.ജോര്‍ജ് ഇക്കാര്യം പറഞ്ഞത്.
പി.സി. ജോര്‍ജിന്റെ വാക്കുകള്‍:
‘ക്രിസ്ത്യന്‍ സമൂഹത്തെ അപമാനിക്കണമെന്ന് കരുതി ഇറങ്ങിത്തിരിച്ച കുറച്ച് സിനിമാക്കാര്‍ ഉണ്ട്. ഇപ്പോള്‍ മലയാള സിനിമയിലെ ഗുണ്ടാ കഥാപാത്രങ്ങള്‍ എടുത്തുനോക്കുക. മിക്ക ഗുണ്ടകളും ക്രിസ്ത്യാനികള്‍ ആയിരിക്കും, അവന്റെ കഴുത്തില്‍ ഒരു കുരിശും കാണും. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ല. പരാതികള്‍ കുറച്ച് നാളുകളുമായി എനിക്ക് കിട്ടുന്നുണ്ടായിരുന്നു. ഞാന്‍ ഇപ്പോള്‍ സിനിമകള്‍ കാണാന്‍ തുടങ്ങിയിരിക്കുന്നു. കേരളത്തില്‍ ഏറ്റവും വലിയ സാംസ്കാരികമൂല്യങ്ങള്‍ക്ക് വില കല്‍പിച്ച സഭയാണ് ക്രൈസ്തവ സഭ.
സമൂഹത്തിന് വേണ്ടി ചെയ്യാന്‍ കഴിയുന്ന എല്ലാ നന്മകളും ഇവര്‍ ചെയ്തു. ഇത് വൃത്തികെട്ട അനീതിയാണ്. ചോദിക്കാനും പറയാനും ആരുമില്ല എന്ന തോന്നലാണ് ഇത്തരക്കാര്‍ക്ക് വളം. നാദിര്‍ഷായെയും കൂട്ടരെയും ഞാന്‍ വിടില്ല. ക്രിസ്ത്യന്‍ സമൂഹത്തെ മാത്രമല്ല, അതിപ്പോള്‍ മുസ്ലിം സമൂഹത്തെയും ഹൈന്ദവ സമൂഹത്തെയും അപമാനിച്ചാലും ഞാന്‍ വിടില്ല. ഞാനൊരു പൊതുപ്രവര്‍ത്തകനാണ്. എംഎല്‍എ അല്ലാത്തതിനാല്‍ ധാരാളം സമയം കിട്ടുന്നുണ്ട്. ഇവനെയൊക്കെ നന്നാക്കിയിട്ടേ ഞാന്‍ പോകൂ. ഈ പേരില്‍ സിനിമ ഇറക്കാമെന്ന് നാദിര്‍ഷ വിചാരിക്കേണ്ട. ഒരു തിയറ്ററിലും ഈ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ഞാന്‍ അനുവദിക്കില്ല. ഇതിനെതിരെ കേരളം മുഴുവന്‍ ഞാന്‍ ഇറങ്ങും.’