സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നാളെ; കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പുരസ്കാര നിര്‍ണയം

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാകും അവാര്‍ഡ് പ്രഖ്യാപനം നടക്കുക. തിരുവനന്തപുരം കിന്‍ഫ്രപാര്‍ക്കിലെ ചലച്ചിത്ര അക്കാദമിയില്‍ സ്ക്രീനിങ് നടക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പുരസ്കാര നിര്‍ണയം നടക്കുന്നത്. വിധികര്‍ത്താക്കള്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് പ്രാഥമിക വിലയിരുത്തലുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. നിരീക്ഷണത്തില്‍ ഇരുന്നതിന് ശേഷമാണ് ചെന്നൈയില്‍ നിന്നെത്തിയ ജൂറി ചെയര്‍മാന്‍ മധു അമ്പാട്ടും അംഗമായ എഡിറ്റര്‍ എല്‍.ഭൂമിനാഥനും സ്ക്രീനിങ്ങിന് എത്തിയത്.
ഇത്തവണത്തെ ചലച്ചിത്ര അവാര്‍ഡിന് മത്സരിക്കാന്‍ റിലീസാവാത്ത നിരവധി ചിത്രങ്ങളാണ് ഉള്ളത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തിയറ്ററുകള്‍ അടച്ച സാഹചര്യത്തില്‍ റിലീസാവാത്ത നിരവധി ചിത്രങ്ങളാണ് മത്സരത്തിന് എത്തിയിട്ടുള്ളത്. മഹാകവി കുമാരനാശന്റെ ജീവിതം ആസ്പദമാക്കി സംവിധായകന്‍ കെ.പി. കുമാരന്‍ സംവിധാനം ചെയ്ത ‘ഗ്രാമവൃക്ഷത്തിലെ കുയില്‍’ ഉള്‍പ്പടെ 119 ചിത്രങ്ങളാണ് മല്‍സരിക്കുന്നത്.
ബിഗ് ബജറ്റ് ചിത്രങ്ങളായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം (പ്രിയദർശൻ) ലൂസിഫർ (പ്രിഥ്വിരാജ്) മാമാങ്കം (എം.പത്മകുമാർ) എന്നിവയും മത്സരരംഗത്തുണ്ട്. ഉണ്ട(ഖാലിദ് റഹ്മാൻ)പതിനെട്ടാം പടി (ശങ്കർ രാമകൃഷ്ണൻ) തണ്ണീർമത്തൻ ദിനങ്ങൾ (എ.ഡി.ഗിരീഷ്) കുമ്പളങ്ങി നൈറ്റ്സ് (മധു സി.നാരായണൻ) ജല്ലിക്കട്ട് (ലിജോ ജോസ് പെല്ലിശേരി) വൈറസ് (ആഷിക്ക് അബു) വെയിൽമരങ്ങൾ (ഡോ.ബിജു) കോളാമ്പി (ടി.കെ.രാജീവ്കുമാർ) പ്രതി പൂവൻകോഴി (റോഷൻ ആൻഡ്രൂസ്)ഉയരെ(മനു അശോകൻ)ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ (രതീഷ് പൊതുവാൾ)അമ്പിളി (ജോൺ പോൾ ജോർജ്) ഡ്രൈവിങ് ലൈസൻസ് (ജീൻ പോൾ ലാൽ) തെളിവ്(എം.എ.നിഷാദ്) ഫൈനൽസ് (പി.ആർ.അരുൺ) പൊറിഞ്ചു മറിയം ജോസ് (ജോഷി) വികൃതി (എം.സി.ജോസഫ്) മൂത്തോൻ(ഗീതു മോഹൻദാസ്) സ്റ്റാൻഡ് അപ്പ് (വിധു വിൻസന്റ്) സത്യം പറഞ്ഞാൽ വിശ്വസിക്കുമോ (ജി.പ്രജിത്) കെഞ്ചീര (മനോജ് കാന) അഭിമാനിനി (എം.ജി.ശശി) കള്ളനോട്ടം (രാഹുൽ റിജി നായർ) ബിരിയാണി (സജിൻ ബാബു) തുടങ്ങിയ ചിത്രങ്ങളും മത്സരത്തിനുണ്ട്.
മികച്ച നടനുള്ള വിഭാഗത്തിലും നല്ല മത്സരം ഇത്തവണയുണ്ട്. നിവിൻ പോളി( മൂത്തോൻ), സുരാജ് വെഞ്ഞാറമ്മൂട് (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി. ഡ്രൈവിങ്ങ് ലൈസൻസ്, ), മമ്മൂട്ടി (ഉണ്ട, മാമാങ്കം), മോഹൻലാൽ (മരക്കാർ, ലൂസിഫർ) ആസിഫ് അലി( കെട്ട്യോളാണെന്റെ മാലാഖ, വൈറസ്), ഷെയ്ൻ നിഗം (കുമ്പളങ്ങി നൈറ്റ്സ്, ഇഷ്ക്) എന്നിവരുടെ പേരുകളാണ് മികച്ച നടനുള്ള വിഭാഗത്തിൽ ഉയർന്നു കേൾക്കുന്നത്.രജിഷ വിജയൻ, അന്ന ബെൻ, മഞ്ജു വാര്യർ , പാർവ്വതി എന്നിവരാണ് നടിമാരുടെ വിഭാഗത്തിൽ മത്സരിക്കുന്നത്.
സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍മോഹന്‍, സൗണ്ട് എന്‍ജിനീയര്‍ എസ്.രാധാകൃഷ്ണന്‍, ഗായിക ലതിക, നടി ജോമോള്‍, നോവലിസ്റ്റ് ബെന്യാമിന്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് എന്നിവരാണ് കമ്മിറ്റിയിലുള്ള മറ്റ് അംഗങ്ങള്‍.