CrimeKerala NewsLatest NewsNews

സൈബര്‍ പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ പ്രതിയെ പിടികൂടി; ഇരയായത് യുവാക്കളും വീട്ടമ്മമാരും

ആലത്തൂര്‍: സൈബര്‍ സെല്‍ പോലീസ് ചമഞ്ഞ് തട്ടിപ്പു നടത്തിയ യുവാവ് പിടിയില്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തട്ടിപ്പു നടത്തിയ തിരുവനന്തപുരം നെടുമങ്ങാട് കരിമ്പുഴ സ്വദേശി ദീപുകൃഷ്ണ(36)യെയാണ് ആലത്തൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. സാമൂഹിക മാധ്യമങ്ങളിലൂടെ യുവാക്കളെയും വീട്ടമ്മമാരെയും നിരീക്ഷിച്ച ശേഷമാണ് ഇയാള്‍ തട്ടിപ്പ് നടത്തുന്നത്. അവരെ ബ്ലാക്ക് മെയില്‍ ചെയ്താണ്് തട്ടിപ്പ് ആസൂത്രണം ചെയ്യുന്നതെന്ന് ഡിവൈ.എസ്.പി. കെ.എം. ദേവസ്യ പറഞ്ഞു. സൈബര്‍ സെല്‍ ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ദീപുകൃഷ്ണ തട്ടിപ്പിനിരയാക്കിയത് യുവാക്കളെയും വീട്ടമ്മമാരെയുമായിരുന്നു. സമാനമായ രീതിയില്‍ ദീപുവിനെതിരെ പല ജില്ലകളിലും നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

ആലത്തൂരിലെ യുവാവിനെയാണ് പ്രതിയായ ദീപു ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചത്. ഇന്റര്‍നെറ്റില്‍ ആശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതായി സൈബര്‍ പോലീസ് കണ്ടെത്തിയിട്ടുണ്ടെന്നു പറഞ്ഞാണ്് വെള്ളിയാഴ്ച ഇയാള്‍ യുവാവിനെ സമീപിച്ചത്. 20,000 രൂപ നല്‍കിയാല്‍ പുറത്താരും അറിയാതെ കേസ് ഒതുക്കിത്തീര്‍ക്കാമെന്ന് വാഗ്ദാനവും ചെയ്തു. സംശയം തോന്നിയതിനെ തുടര്‍ന്ന്, ഇപ്പോള്‍ പണം കൈയിലില്ലെന്നും ശനിയാഴ്ച നല്‍കാമെന്നും പറഞ്ഞ് മടക്കി.
ശനിയാഴ്ച ഉച്ച കഴിഞ്ഞ് പണം വാങ്ങാന്‍ എത്തിയപ്പോള്‍ യുവാവും ബന്ധുക്കളും സമീപവാസികളും ചേര്‍ന്ന് ദീപുകൃഷ്ണയെ തടഞ്ഞ് ചോദ്യം ചെയ്തു. തട്ടിപ്പ് പൊളിഞ്ഞെന്ന് തിരിച്ചറിഞ്ഞ് ദീപു ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി. തുടര്‍ന്ന്, സി.ഐ. റിയാസ് ചാക്കീരിയുടെ നേതൃത്വത്തില്‍ പോലീസ് സംഭവ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ദീപു രണ്ടു വര്‍ഷം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് സൈബര്‍ സെല്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ബ്ലാക്ക് മെയിലിങ്ങും തട്ടിപ്പും തുടങ്ങിയത്. സാമൂഹിക മാധ്യമങ്ങളിലൂടെ പതിനെട്ടിനും ഇരുപതിനും മധ്യേ പ്രായമുള്ള യുവാക്കളെ കണ്ടെത്തും. ശേഷം ഭര്‍ത്താക്കന്മാര്‍ വിദേശത്ത് ജോലിചെയ്യുന്നതോ സ്ഥലത്തില്ലാത്തതോ ആയ വീട്ടമ്മമാരെയും ഇങ്ങനെ കണ്ടെത്തും. ഇവരുടെ വീട് തേടിപ്പിടിച്ചെത്തി യുവാക്കളോട് ഇന്റര്‍നെറ്റില്‍ അശ്ലീല വീഡിയോ കാണുന്നത് പോലീസ് കണ്ടെത്തിയെന്നു പറഞ്ഞാണ് ഭീഷണിപ്പെടുത്തുന്നത്. വീട്ടമ്മമാരോട് അവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ മുഖേന അശ്ലീല ഫോട്ടോകള്‍ കൈവശപ്പെടുത്തിയിട്ടുണ്ടെന്നാണ് തെറ്റിദ്ധരിപ്പിക്കുക. കേസെടുക്കാതിരിക്കാനും പുറത്തറിയാതിരിക്കാനും് കൈക്കൂലി കൊടുക്കണമെന്നു പറഞ്ഞാണ് പണം ആവശ്യപ്പെടുക. നിരവധി പേരെ ഇത്തരത്തില്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കിലും കുറച്ചു പേര്‍ മാത്രമാണ് ഇതില്‍ കുടുങ്ങിയത്.

സൈബര്‍ സെല്‍ ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ദീപുകൃഷ്ണ തട്ടിപ്പിന് ഇരയാക്കിയത് യുവാക്കളെയും വീട്ടമ്മമാരെയുമായിരുന്നു. തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളില്‍ ഇയാളുടെ പേരില്‍ ഇത്തരത്തില്‍ സമാനമായ എട്ട് കേസുകള്‍ നിലവിലുണ്ട്. തിരുവനന്തരപുരം നെടുമങ്ങാട് പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ പിടികിട്ടാപ്പുള്ളിയാണെന്ന് എസ്.ഐ. ജിസ്‌മോന്‍ വര്‍ഗീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button