പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: അന്വേഷണത്തിന് സുപ്രീംകോടതിയുടെ എസ്‌ഐടി
ന്യൂഡല്‍ഹി: ഏറെ കോളിളക്കമുണ്ടാക്കിയ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം അന്വേഷിക്കാന്‍ സുപ്രീംകോടതിയുടെ പ്രത്യേക അന്വേഷണ സമിതി. വിരമിച്ച സുപ്രീംകോടതി ജഡ്ജി ആര്‍.വി. രവീന്ദ്രന്റെ മേല്‍നോട്ടത്തിലുള്ള മൂന്നംഗ സമിതിയെയാണ് അന്വേഷണത്തിന് സുപ്രീംകോടതി നിയോഗിച്ചിരിക്കുന്നത്. ജസ്റ്റീസ് ആര്‍.വി. രവീന്ദ്രനെ കൂടാതെ അലോക് ജോഷിയും സന്ദീപ് ഒബ്‌റോയിയുമാണ് സമിതിയില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍.
പ്രധാനമായും ഏഴു വിഷയങ്ങളാണ് സമിതി പരിഗണിക്കുക. കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ സമിതിയോട് സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വ്യക്തിയുടെ സ്വകാര്യത സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. സ്വകാര്യതാ ലംഘനം ഭരണഘടനാ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ്. ഭരണഘടനാ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനാണ് കോടതി ആഗ്രഹിക്കുന്നത്. ചില ഹര്‍ജിക്കാര്‍ പെഗാസസിന്റെ നേരിട്ടുള്ള ഇരകളാണ്. വിവര സാങ്കേതികതയുടെ വളര്‍ച്ചയിലും സ്വകാര്യത പ്രധാനം. മൗലിക അവകാശങ്ങളില്‍ കടന്നു കയറുന്ന നിയന്ത്രണം വേണ്ട. നിയന്ത്രണങ്ങള്‍ ഭരണഘടന പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജികള്‍ ചീഫ് ജസ്റ്റീസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്. എട്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. നേരത്തേ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആര്‍ക്കും നല്‍കാന്‍ സാധിക്കില്ലെന്നാണ് കേന്ദ്രം അറിയിച്ചിരുന്നത്. ഫോണ്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ പരാമര്‍ശമുണ്ടായപ്പോള്‍ വിദഗ്ധ സമിതിക്ക് എല്ലാ രേഖകളും നല്‍കാന്‍ തയ്യാറാണെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.